മതപരിവർത്തന കുറ്റം: ഗാസിയബാദില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍
ഷാരോൺ ഫെലോഷിപ്പ് ചർച്ചിലെ പുരോഹിതനായ സന്തോഷ് ജോർജ് എബ്രഹാമും ഭാര്യ ജിജിയുമാണ് അറസ്റ്റിലായത്
ഡൽഹി: ഗാസിയാബാദിൽ മതപരിവർത്തന കുറ്റം ചുമത്തി മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാരോൺ ഫെലോഷിപ്പ് ചർച്ചിലെ പുരോഹിതനായ സന്തോഷ് ജോർജ് എബ്രഹാമും ഭാര്യ ജിജിയുമാണ് അറസ്റ്റിലായത്. മതപരിവർത്തനത്തെ കുറിച്ചുള്ള ചാറ്റുകളും ബാങ്ക് രേഖകളും ഇവരിൽ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബജ്‌റഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
ഉത്തർപ്രദേശ് സർക്കാർ നടരപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതപരിവർത്തന നിരേധനനിയമപ്രകാരമാണ് അറസ്റ്റ്. ഇരുവരും ചേർന്ന് മതപരിവർത്തനത്തിന് ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഒരാൾക്ക് 20 പേരെ വീതം മതപരിവർത്തനം നടത്താൻ ടാർഗറ്റ് നൽകിയതായുള്ള വാട്‌സാപ്പ് സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തതായി പറയുന്നു. കൂടാതെ ഇവരുടെ ബാങ്ക് രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
എന്നാൽ സംഭവത്തിന് പിന്നാലെ ആരോപണങ്ങൾ നിഷേധിക്കുകയാണ് ചർച്ച് അധികൃതർ. ഞായറാഴ്ച്ചകളിലെ പ്രാർഥനകളുടെ ഭാഗമായുള്ള പ്രസംഗങ്ങൾ മാത്രമാണ് പള്ളിയിൽ നടന്നതെന്നാണ് ഇവർ പറയുന്നത്. അടുത്തയാഴ്ച്ച ഇരുവരുടേയും ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അതേസമയം നടപടിക്കെതിരെ ശശി തരൂർ രംഗത്ത് വന്നു. ആരോപണങ്ങളുടെ പേരിൽ ഇത്തരം അറസ്റ്റുകൾ നടക്കുന്നത് രാജ്യത്തിന്റെ യശ്ശസ് ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് തരൂരിന്റെ പ്രതികരണം.
Adjust Story Font
16