ഇന്ത്യയുടെ വികസനത്തിന് ഏറ്റവും യോജിച്ചത് സഹകരണ മോഡൽ: അമിത് ഷാ
ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്തുതന്നെ രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക മോഡലായി സഹകരണ മേഖലയെ അംഗീകരിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അമിത് ഷാ പറഞ്ഞു
ഇന്ത്യയ്ക്ക് ഏറ്റവും യോജിച്ച വികസന മാതൃകയാണ് സഹകരണ മേഖലയെന്ന് കേന്ദ്ര സഹകരണ-ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലടക്കമുള്ള സഹകരണ മേഖലയ്‌ക്കെതിരെ കേന്ദ്രം നീക്കം നടത്തുന്നതായുള്ള വിമർശനങ്ങൾക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള വലിയൊരു രാജ്യത്തിന്റെ സമ്പൂർണമായ വികസനത്തിന് ഏറ്റവും യോജിച്ച മാർഗമാണ് സഹകരണ മാതൃകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ ഗാന്ധിനഗറിൽ അമുൽ പാൽപൊടി ഫാക്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. ഗുജറാത്ത് കോഓപറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനുമായി സഹകരിച്ചുള്ള 415 കോടി രൂപയുടെ പദ്ധതിയാണിത്. എല്ലാവർക്കും അഭിവൃദ്ധി നൽകാനുള്ള ശേഷി സഹകരണ മാതൃകയ്ക്കുണ്ടെന്നും അമുൽ പോലെയുള്ള വിജയകരമായ സഹകരണ മാതൃകകളുടെ എണ്ണം കൂട്ടണമെന്നും അമിത് ഷാ പറഞ്ഞു. സഹകരണസ്ഥാപനങ്ങളെല്ലാം ഒറ്റ കുടക്കീഴിൽ കൊണ്ടുവരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്ത് തന്നെ രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക മോഡലായി സഹകരണ മേഖലയെ അംഗീകരിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അമിത് ഷാ സൂചിപ്പിച്ചു. 130 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് എല്ലാവരിലേക്കും വികസനമെത്തിക്കുന്നതും എല്ലാവരെയും വികസനപ്രക്രിയയുടെ ഭാഗമാക്കുന്നതുമെല്ലാം ശ്രമകരമാണ്. എന്നാൽ, ഒരുപാട് ഭരണങ്ങൾ കണ്ട 75 വർഷങ്ങൾക്കുശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രി(മോദി) ഈ മാതൃക പരീക്ഷിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വികസനത്തിനുള്ള ഒരേയൊരു മോഡൽ സഹകരണ മേഖലയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത് അങ്ങനെയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Summary: The cooperative model is the only model of economic development which will work to achieve an all-encompassing and all-inclusive development of a huge country like India with a population of 130 crore, Union Cooperation Minister Amit Shah said.
Adjust Story Font
16