ഓടുന്ന ട്രെയിനിൽ യുവതിയും കുഞ്ഞും കാൽ വഴുതി വീണു; രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍
കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം
ലഖ്‌നൗ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ യുവതിയെയും കുഞ്ഞിനെയും രക്ഷിച്ച് പൊലീസ്. കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം.പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് ഇരുവരെയും രക്ഷിച്ചത്.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തിലാണ് നടുക്കുന്ന വീഡിയോ പതിഞ്ഞത്. ഉത്തർപ്രദേശ് പൊലീസും വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു സ്ത്രീ ബാഗ് പ്ലാറ്റ്ഫോമിലേക്ക് എറിയുന്നതും പിന്നീട് കുട്ടിയുമായി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതും വീഡിയോ ക്ലിപ്പിലുണ്ട്. പ്ലാറ്റ്ഫോമിൽ കാൽ വെച്ചയുടൻ ബാലൻസ് തെറ്റി കുട്ടിയും യുവതിയും ട്രെയിനിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. നിമിഷങ്ങൾക്കകം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓടിയെത്തുകയും അമ്മയെയും മകനെയും കൈപിടിച്ച് രക്ഷിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.
കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷിച്ച ഉത്തർപ്രദേശ് റെയിൽവെ പൊലീസിന്റെ എച്ച്സി ശൈലേന്ദ്രയുടെ ഇടപെടലിനെ അഭിനന്ദിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് പൊലീസ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പൊലീസുകാരന്റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, എത്രതവണ മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കുകയാണെന്നും ചിലർ കമന്റ് ചെയ്തു.
Adjust Story Font
16