Quantcast

പൊലീസിനെ കുറിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു; യുവാവിനെ വലിച്ചിഴച്ച് മർദിച്ച ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

സ്റ്റേഷനിലെ എസ്‌ഐയും എഎസ്‌ഐയുമായ രാകേഷ് പട്ടേൽ, ബാൽഗോവിന്ദ് പ്രജാപതി എന്നീ പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഭരതിനെ മർദിച്ചതും വലിച്ചിഴച്ചതും.

MediaOne Logo

Web Desk

  • Published:

    21 May 2023 3:21 PM GMT

Cops Suspended For Thrashing Man For Making Complaints On Helpline Number
X

ഭോപ്പാൽ: മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ വിളിച്ച് പൊലീസിനെതിരെ പരാതി നൽകിയതിന് 38കാരനെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മർദിച്ച പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മെയ് 12ന് മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ സ്ലീമനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ധുരി ഗ്രാമത്തിൽ നടന്ന സംഭവത്തിലാണ് നടപടി സ്വീകരിച്ചത്.

ബന്ധി ഗ്രാമവാസിയായ ഭരത് പട്ടേലാണ് ക്രൂര മർദനത്തിന് ഇരയായത്. സ്റ്റേഷനിലെ എസ്‌ഐയും എഎസ്‌ഐയുമായ രാകേഷ് പട്ടേൽ, ബാൽഗോവിന്ദ് പ്രജാപതി എന്നീ പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഭരതിനെ മർദിച്ചതും വലിച്ചിഴച്ചതും. ഇതിന്റെ വീഡിയോ പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.

സ്ലീമനാബാദ് പൊലീസ് സ്റ്റേഷനിലേക്ക് എസ്‌ഐയും എഎസ്‌ഐയും ചേർന്ന് വലിച്ചിഴച്ച് മർദിച്ചത്. ഭരതിന്റെ ഭാര്യയും മകളും തെരുവിൽ കിടന്ന് ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ ഇദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴയ്‌ക്കുന്നത് തുടർന്നു.

സംഭവത്തിൽ കട്‌നി പൊലീസ് സൂപ്രണ്ട് അഭിജിത്ത് രഞ്ജൻ അന്വേഷണത്തിന് ഉത്തരവിടുകയും തുടർന്ന് രണ്ട് പൊലീസുകാരെ ശനിയാഴ്ച സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.

പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരാളെ മർദിച്ചതിന് എസ്‌ഐ, രാകേഷ് പട്ടേലിനും എഎസ്‌ഐ ബാലഗോവിന്ദ് പ്രജാപതിക്കുമെതിരെ തനിക്ക് പരാതി ലഭിച്ചെന്നും ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടെന്നും എസ്പി അഭിജിത് രഞ്ജൻ പറഞ്ഞു.

തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. അതിൽ രണ്ട് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും തുടർന്ന് അവരെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു- അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story