'കോര്‍ബെവാക്സ് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാം'- കേന്ദ്രം
സെക്കൻഡ് ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തിയായവർക്കാണ് ബൂസ്റ്റർ ഡോസിന് അർഹത.
ഡൽഹി: കോര്‍ബെവാക്സ് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കോവാക്സിനോ കോവിഷീൽഡ് വാക്സിനുകൾ സ്വീകരിച്ചവർക്ക് കോര്‍ബെവാക്സ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സെക്കൻഡ് ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തിയായവർക്കാണ് ബൂസ്റ്റർ ഡോസിന് അർഹത.
ഇതാദ്യമായാണ് വ്യത്യസ്ത വാക്സീന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കൊവിഡ് സാങ്കേതിക സമിതിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഷീല്‍ഡോ, കൊവാക്സീനോ രണ്ട് ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയായ 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊര്‍ബേവാക്സ് ബൂസ്റ്ററായി സ്വീകരിക്കാം.
ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 207.03 കോടി (2,07,03,71,204) പിന്നിട്ടു. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചിരുന്നു. 18 - 59 വയസ് പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതലാണ് ആരംഭിച്ചത്.
ബൂസ്റ്റർ ഡോസ് എന്തിന് ?
കോവിഡ് മാറിയെന്ന ചിന്തയിലാണ് പലരും ബൂസ്റ്റർ ഡോസിനോട് വിമുഖത കാണിക്കുന്നുണ്ട്. മുൻപ് സ്വീകരിച്ച വാക്‌സിന് പൂർണഫലം ലഭിക്കാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നുള്ളപ്പോഴാണ് ഈ വിമുഖത. മൂന്നു മാസം കഴിയുമ്പോഴേക്കും ആന്റിബോഡികളുടെ എണ്ണം കുറയാൻ തുടങ്ങും. കുട്ടികൾക്കുള്ള ടി.ടി, ഡി.ടി.പി. വാക്‌സിനുകൾക്ക് ഓരോ പ്രായത്തിലും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതു പോലെ തന്നെയാണ് കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റർ ഡോസെടുക്കുന്നതും.
ബൂസ്റ്റർ ആർക്കൊക്കെ? എവിടെയൊക്കെ?
രണ്ടാംഡോസെടുത്ത് ആറു മാസം കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കാം. വിദേശത്തേക്ക് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും വാക്‌സിൻ എടുക്കാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലും കോവിഡ് സൗജന്യ ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകും.
Adjust Story Font
16