Quantcast

അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് ആപ്പ്

ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി സമൻസ് അയച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-01-04 04:39:06.0

Published:

4 Jan 2024 3:48 AM GMT

arvind kejrival
X

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വ്യാഴാഴ്ച ഇ.ഡിയുടെ പരിശോധനക്കും തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന് ഡൽഹി മന്ത്രി അതിഷി അറിയിച്ചു. മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ചിരുന്നു. എന്നാൽ, അദ്ദേഹം ഹാജരായിരുന്നില്ല. കെജ്‌രിവാളിന്റെ വസതിയിലേക്ക് പോകുന്ന വഴികൾ ഡൽഹി പോലീസ് അടച്ചതായി ആപ്പ് നേതാക്കാൾ അറിയിച്ചു.

നേരത്തെ നവംബർ രണ്ടിനും ഡിസംബർ 21 നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിരു​ന്നുവെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് നിയമവിരുദ്ധമാണെന്നുമാണ് കെജ്രിവാളിന്റെ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം പ​ങ്കെടുക്കുന്നത് തടയുകയാണ് അറസ്റ്റിലൂടെ ഇ.ഡി ലക്ഷ്യമിടുന്നതെന്ന് ആം ആദ്മി പാർട്ടിയും ആരോപിക്കുന്നു.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്താലും കെജ്രിവാൾ രാജിവെക്കാതെ ജയിലിലിരുന്ന് ജോലി തുടരുമെന്നാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്. സർക്കാറിന്‍റെ പ്രവർത്തനം മുടങ്ങാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കെജ്രിവാൾ കഴിയുന്ന ജയിലിലേക്ക് വിളിക്കും. ജയിലിൽ തുടരുന്ന കാലത്തോളം അവിടെയിരുന്ന് ജോലി തുടരാൻ അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പാർട്ടി അറിയിച്ചിരുന്നു.

മൂന്ന് ആപ്പ് നേതാക്കളെയാണ് ഇതുവരെ മദ്യനയക്കേസിൽ അറസ്റ്റ് ചെയ്തത്. 2022 സെപ്റ്റംബറിൽ മുൻ മന്ത്രി സത്യേന്ദ്ര ജയ്നിനെയും 2023 ഫെബ്രുവരിയിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും അറസ്റ്റ് ചെയ്തു. ഒക്ടോബർ നാലിന് എം.പി സഞ്ജയ് സിങ്ങും അറസ്റ്റിലായി.

2021 നവംബർ 17നാണ് ഡൽഹിയിൽ വിവാദമായ എക്സൈസ് മദ്യ നയം പ്രാബല്യത്തിൽ വന്നത്. സർക്കാറിന്‍റെ വരുമാനം വർധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നയം അവതരിപ്പിച്ചത്. ഇതുപ്രകാരം നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 ഔട്ട്‌ലെറ്റുകൾ തുറക്കാം. ലേലം നടത്തി 849 ഔട്ട്‌ലെറ്റുകൾ സ്വകാര്യ കമ്പനികൾക്ക് നൽകി.

നയത്തിനെതിരെ പലകോണുകളിൽനിന്ന് വിമർശനമുയർന്നു. പുതിയ നയത്തിലൂടെ എല്ലായിടത്തും തുല്യമായ രീതിയിൽ മദ്യം വിതരണം ചെയ്യപ്പെടുമെന്ന് സർക്കാർ വാദിച്ചെങ്കിലും വിലപ്പോയില്ല. തുടർന്ന് 2022 ജൂലൈയിൽ പുതിയ നയം റദ്ദാക്കുകയും പഴയത് പുനഃസ്ഥാപിക്കുകയുമായിരുന്നു. മദ്യവിൽപനക്ക് ലൈസൻസ് നേടിയവർക്ക് സർക്കാർ സഹായം ചെയ്തെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.

TAGS :

Next Story