Quantcast

വിഷമദ്യം; ജീവപര്യന്തം വരെ ശിക്ഷ: നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിനു പിന്നാലെയാണ് സർക്കാർ നടപടി

MediaOne Logo

Web Desk

  • Published:

    29 Jun 2024 1:50 PM GMT

counterfeit alcohol; Up to life imprisonment: Tamil Nadu amends law,dmk,aidmk,bjp,latest news,വ്യാജ മദ്യം; ജീവപര്യന്തം തടവ് വരെ ലഭിക്കും: നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്
X

ചെന്നൈ: അറുപതിലധികം പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് പിന്നാലെ നിരോധന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്. ജീവന് അപകടമുണ്ടാക്കുന്ന അനധികൃത മദ്യത്തിൻ്റെ നിർമ്മാണം, കൈവശം വയ്ക്കൽ, വിൽക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള ശിക്ഷാ കാലാവധിയും പിഴയുടെ അളവും വർദ്ധിപ്പിക്കുന്നതിനായി ശനിയാഴ്ചയാണ് സംസ്ഥാന സർക്കാർ 1937-ലെ തമിഴ്‌നാട് നിരോധന നിയമം ഭേദഗതി ചെയ്തത്. ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള ശിക്ഷകൾ ഉൾപ്പെടുത്തിയാണ് പുതുയ ഭേദ​ഗതി.

തമിഴ്‌നാട് നിരോധന (ഭേദഗതി) നിയമം, 2024, അനധികൃത മദ്യത്തിൻ്റെ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നതാണെന്ന് അധികൃതർ പറഞ്ഞു. നിയമത്തിൻ്റെ 4,5,6,7,11 വകുപ്പുകൾ പ്രകാരം വിവിധ കുറ്റകൃത്യങ്ങൾക്കുള്ള തടവിൻ്റെയും പിഴയുടെയും തോത് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. അനധികൃത മദ്യം കഴിച്ച് മരണപ്പെട്ടാൽ, ശിക്ഷിക്കപ്പെടുന്നവർക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. മറ്റുള്ള കുറ്റ കൃത്യങ്ങൾക്ക് പരമാവധി ശിക്ഷ 10 വർഷം കഠിനതടവും 5 ലക്ഷം രൂപ വരെ പിഴയും ഭേദഗതിയിൽ നിർദ്ദേശിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് നടന്ന ദുരന്തത്തിൽ സ്ത്രീകളും ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ 63 പേരാണ് മരിച്ചത്. വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും സിബിഐ അന്വേഷണമുൾപ്പടെ ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നു.

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സർക്കാരിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാനത്ത് ആവർത്തിച്ച് വരുന്ന വിഷമദ്യദുരന്തങ്ങളിൽ നിന്ന് സർക്കാരിനിയും ഒന്നും പഠിച്ചില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. കഴിഞ്ഞ വർഷം രണ്ട് ദുരന്തങ്ങളിലായി 22 പേർ മരിച്ചിട്ടും എങ്ങനെ വീണ്ടുമൊരു ദുരന്തമുണ്ടായി എന്ന് വിശദീകരിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story