Quantcast

ആളുകളെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ ശ്രമം; മധ്യപ്രദേശിൽ ദമ്പതികളടക്കം അഞ്ച് പേർ അറസ്റ്റിൽ

രാജസ്ഥാൻ സ്വദേശികളായ ദമ്പതികളും മറ്റു മൂന്നു പേരുമാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    23 Sep 2024 11:22 AM GMT

Couple among 5 held for religious conversion in Madhyapradesh
X

​ഭോപ്പാൽ: ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന പേരിൽ മധ്യപ്രദേശിൽ ദമ്പതികളടക്കം അഞ്ച് പേർ അറസ്റ്റിൽ. ​ഗുണ ജില്ലയിലെ ധർനവാട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാജസ്ഥാൻ സ്വദേശികളായ ദമ്പതികളും മറ്റു മൂന്നു പേരുമാണ് പിടിയിലായത്.

ആളുകളെ ഹിന്ദുമതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സർസഹേല ​ഗ്രാമവാസിയായ ചരൺ സിങ് ആദിവാസി നൽകിയ പരാതിയിലാണ് ​ഗുണ പൊലീസ് നടപടി. ഇവർക്കെതിരെ മധ്യപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

പ്രദേശവാസികളായ ചില ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതായി ഞായറാഴ്ച രാവിലെ ചരൺ സിങ്ങിന് വിവരം ലഭിച്ചെന്നും ഇക്കാര്യം ഇയാൾ റുത്തിയായി ടൗണിലെ ഹിന്ദു സംഘടനകളെ അറിയിച്ചെന്നും ഗുണ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

തുടർന്ന് ചരൺ സിങ്ങും മറ്റു ചിലരും പ്രദേശവാസിയായ ബാലമുകുന്ദ് ആദിവാസിയുടെ വീട്ടിലെത്തിയപ്പോൾ ഒരു ക്രൈസ്തവ സുവിശേഷകനും ഭാര്യയും കുറച്ച് ആളുകൾക്ക് സമ്മാനങ്ങളും പണവും നൽകിയ ശേഷം പ്രാർഥന നടത്തി അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് കണ്ടെന്നും പരാതിയിൽ പറയുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

പരാതിയിൽ രാജസ്ഥാനിലെ ബാരൻ സ്വദേശികളായ സഞ്ജു സൈമൺ, ഭാര്യ മഞ്ജു സൈമൺ, പ്രദേശവാസികളായ ബാൽമുകുദ് ആദിവാസി, സാവിത്രി ബായി, പിങ്കി സഹാരി എന്നിവർക്കെതിരെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരവും പട്ടികജാതി- വർഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തതായും തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം ഉത്തർപ്രദേശിലും സമാനമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുളസി നഗർ ഇന്ദ്രപുരി കോളനിയിൽ മതസമ്മേളനം നടക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിയപ്പോൾ മതപരിവർത്തനത്തിനായി ഇവിടെ നിരവധി പുരുഷന്മാരും സ്ത്രീകളും ഒത്തുകൂടിയതായി കണ്ടെത്തിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞിരുന്നു.

സംഭവത്തിൽ മുവൽ, അമർദിയോ, വികാസ് ഭോയ്, അജയ് സെൽവരാജ്, രാകേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മതഗ്രന്ഥങ്ങളും പോസ്റ്ററുകളും പ്രഭാഷണ സംവിധാനങ്ങളും ഇവിടെനിന്ന് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




TAGS :

Next Story