തക്കാളി മോഷണം വീണ്ടും; കർണാടകയിൽ 2000 കിലോ തക്കാളി മോഷ്ടിച്ച് ദമ്പതികൾ, അറസ്റ്റ്
ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നും കോലാർ മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന തക്കാളിയാണ് ദമ്പതികൾ മോഷ്ടിച്ചത്
ബംഗളൂരു; വില റെക്കോർഡിലെത്തിയതോടെ തക്കാളി മോഷണക്കഥകൾ രാജ്യത്ത് തുടർക്കഥയാവുകയാണ്. ബംഗളൂരുവിൽ തക്കാളിയുമായി പോയ ലോറി കടത്തിയ ദമ്പതികളുടെ കേസാണ് ഇതിൽ ഒടുവിലത്തേത്. സംഭവത്തിൽ ബംഗളൂരു സ്വദേശികളായ ഭാസ്‌കർ, സിന്ധുജ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിക്കജാലക്ക് സമീപം ആർഎംസി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 8നായിരുന്നു സംഭവം. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നും കോലാർ മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന തക്കാളിയാണ് ദമ്പതികൾ മോഷ്ടിച്ചത്. 2.5 ലക്ഷത്തോളം രൂപ വിലവരുന്ന 2000 കിലോ തക്കാളിയായിരുന്നു ലോറിയിൽ. വണ്ടിയിൽ തക്കാളി കണ്ട ദമ്പതികൾ ലോറി പിന്തുടരുകയും വണ്ടിയിലുണ്ടായിരുന്ന കർഷകനെയും ഡ്രൈവറെയും ആക്രമിച്ച് ലോറി കടത്തുകയുമായിരുന്നു. ഇവരിൽ നിന്ന് പണം ആവശ്യപ്പെട്ട പ്രതികൾ ഇത് മൊബൈലിലൂടെ ട്രാൻസ്ഫറും ചെയ്യിച്ചു. കുറച്ച് ദൂരം കർഷകനുമായി പിന്നിട്ട ശേഷം ഇയാളെ വഴിയിലിറക്കി ലോറിയുമായി പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കുകയും തക്കാളികൾ ഇവിടെ വിൽക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
വിൽപനയ്ക്ക് ശേഷം ലോറി ഉപേക്ഷിച്ച ശേഷം മറ്റൊരു വണ്ടിയിൽ പ്രതികൾ കടന്നു കളഞ്ഞു. ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഐപിസി സെക്ഷൻ 346A, 392 എന്നീ വകുപ്പുകൾ പ്രകാരമാണ് ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്
Adjust Story Font
16