തമിഴ്നാട് തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല; നവദമ്പതികളെ വീട്ടിൽക്കയറി വെട്ടിക്കൊന്നു
മാരിസെല്‍വം(24),കാര്‍ത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്
മാരിസെല്‍വം/കാര്‍ത്തിക
തൂത്തുക്കുടി: വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരായ ദമ്പതികള്‍ മൂന്നു ദിവസത്തിനുശേഷം കൊല്ലപ്പെട്ട നിലയില്‍. അഞ്ചംഗം സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് റിപ്പോര്‍ട്ട്.
മാരിസെല്‍വം(24),കാര്‍ത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍. കഴിഞ്ഞ ഒക്ടോബര്‍ 31ന് ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. അതിനുശേഷം മുരുഗേശന്‍ നഗറില്‍ ഒരുമിച്ചായിരുന്നു താമസം.ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മാരിസെല്‍വം. ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായ ഇവര്‍ തങ്ങളുടെ വിവാഹം ഔപചാരികമാക്കാൻ ദമ്പതികൾ പ്രാദേശിക വനിതാ പൊലീസ് സ്റ്റേഷനെയും സമീപിച്ചിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ദമ്പതികളെ കൊലപ്പെടുത്തിയ വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.രണ്ട് മോട്ടോർ ബൈക്കുകളിലായി ദമ്പതികളുടെ വീട്ടിലെത്തിയ ആറുപേരെങ്കിലും കൊലപാതകത്തിൽ പങ്കാളികളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് ബാലാജി, റൂറൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുരേഷ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.കാര്‍ത്തികയുടെ ബന്ധുക്കളാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
പിന്നാക്ക സമുദായത്തില്‍ പെട്ടയാളാണ് കൊല്ലപ്പെട്ട മാരിസെല്‍വം.കോവിൽപട്ടി സ്വദേശികളായ മാരിസെൽവവും കുടുംബവും അടുത്തിടെ മുരുകേശൻ നഗറിലേക്ക് താമസം മാറിയിരുന്നു. കാർത്തിക ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളാണെന്നും മാരിസെൽവം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നുള്ളതാണെന്നുമാണ് റിപ്പോര്‍ട്ട്.
Adjust Story Font
16