Quantcast

ട്രെയിൻ വിദ്വേഷ കൂട്ടക്കൊല: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി; 'ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ ​കൃത്യമായി ലക്ഷ്യമിട്ട് നടത്തിയത്'

ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരെ കൊല്ലാൻ തീരുമാനിച്ചുറപ്പിച്ച നിലയിലായിരുന്നു പ്രതിയുടെ മനസെന്നും കോടതി നിരീക്ഷിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-12-16 16:05:07.0

Published:

16 Dec 2023 4:00 PM GMT

Court Denies Bail of RPF constable Chetan sinh Chaudhary in train hate gang murder case
X

മുംബൈ: ട്രെയിനിൽ എ.എസ്.ഐയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മുംബൈ ദിൻദോഷി കോടതിയുടേതാണ് നടപടി. ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ കൃത്യമായി ലക്ഷ്യമിട്ട് നടത്തിയ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

പ്രതി ചെയ്ത കുറ്റം അതീവ ഗൗരവതരമാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി എസെഡ് ഖാൻ ചൂണ്ടിക്കാട്ടി. തന്റെ സീനിയർ ഉദ്യോ​ഗസ്ഥനെ മാത്രമല്ല, ഒരു പ്രത്യേക സമൂഹത്തിലെ മറ്റ് മൂന്ന് പേരെയും പ്രത്യേകം ലക്ഷ്യമിട്ട് കൊലപ്പെടുത്തി. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരെ കൊല്ലാൻ തീരുമാനിച്ചുറപ്പിച്ച നിലയിലായിരുന്നു അയാളുടെ മനസെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് പ്രതിയിൽ നിന്നുണ്ടായതെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

നിലവിൽ അകോലയിലെ ജയിലിൽ കഴിയുന്ന ചൗധരി വാദത്തിനിടെ കോടതിയിൽ ഹാജരായിരുന്നു. താൻ മറ്റൊരു മാനസികാവസ്ഥയിലായിരുന്നെന്നും മാനസികപ്രശ്നമുണ്ടെന്നുമായിരുന്നു അഡ്വ. അമിത് മിശ്ര, അഡ്വ. പങ്കജ് ഘിൽഡിയാൽ എന്നിവർ മുഖേന കഴിഞ്ഞമാസം സമർപ്പിച്ച ജാമ്യാപേക്ഷയിൽ പ്രതിയുടെ വാദം.

എന്നാൽ, പ്രതി ഒരു പ്രത്യേക സമുദായത്തോട് കോപവും പകയും വച്ചുപുലർത്തിയ ആളാണെന്നും ചെയ്ത കുറ്റകൃത്യത്തിൽ പശ്ചാത്താപം കാണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പൊലീസ് അപേക്ഷയെ എതിർത്തിരുന്നു. മുസ്‍ലിംകളെ തെരഞ്ഞുപിടിച്ചുള്ള കൊലയാണെന്ന് പൊലീസ് കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു. ചേതൻ സിങ്ങിന് മാനസിക പ്രശ്നങ്ങളില്ലെന്നും കൊലയ്ക്ക് ശേഷം മുസ്‍ലിം വിരുദ്ധ വിദ്വേഷ പരാമർശങ്ങൾ ഇയാൾ നടത്തിയെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

ജൂലൈ 31നാണ് എ.എസ്.ഐയെയും മറ്റ് മൂന്ന് യാത്രക്കാരെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയത്. അന്നു പുലർച്ചെ മഹാരാഷ്ട്രയിലെ പാൽഗഢ് റെയിൽവേ സ്റ്റേഷനു സമീപത്താണ് രാജ്യത്തെ നടുക്കിയ ട്രെയിൻ വെടിവയ്പ്പ് നടന്നത്. പുലർച്ചെ അഞ്ചോടെ വാപി റെയിൽവേ സ്റ്റേഷൻ വിട്ട സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് വൈതർണ സ്റ്റേഷനോട് അടുക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം.

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ ടിക്കാറാം മീണയെയാണ് സർവീസ് തോക്ക് ഉപയോഗിച്ച് ചേതൻ സിങ് ആദ്യം വെടിവച്ചത്. പിന്നാലെ ബോഗിയിലുണ്ടായിരുന്ന അസ്ഗർ അബ്ബാസ് അലി, അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ, സയ്യിദ് സൈഫുദ്ദീൻ എന്നീ യാത്രക്കാർക്കു നേരെയും നിറയൊഴിച്ചു. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്‌തോളണമെന്ന് രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്ക് അരികിൽ നിന്ന് ചേതൻ സിങ് വിളിച്ചുപറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

കേസിൽ ഇയാൾക്കെതിരെ മതസ്പർധാ വകുപ്പ് ചുമത്തിയിരുന്നു. കൂട്ടക്കൊലയ്ക്കു പിന്നാലെ ചേതൻ സിങ്ങിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ചേതൻ സിങ് നേരത്തെ മൂന്നു തവണയെങ്കിലും ഗുരുതര അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്നും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.





TAGS :

Next Story