Quantcast

'ജയിലിലുള്ളത് കഴിച്ചാൽ മതി'; വീട്ടിലുണ്ടാക്കിയ ഭക്ഷണം വേണമെന്ന നടൻ ദർശന്റെ ആവശ്യം തള്ളി കോടതി

നടൻ ആവശ്യപ്പെടുന്ന സൗകര്യങ്ങൾ കൊലക്കേസ് പ്രതിക്ക് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    26 July 2024 7:16 AM GMT

Kannada actor Darshan,Actor Darsh,anDarshan Thoogudeepa,Renukaswamy murder case,രേണുകാസ്വാമി വധക്കേസ്,കന്നട നടന്‍ ദര്‍ശന്‍, പവിത്ര
X

ബംഗളൂരു: കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന കന്നട നടൻ ദർശന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം അനുവദിക്കാനാവില്ലെന്ന് ബംഗളൂരു കോടതി. വീട്ടിലുണ്ടാക്കിയ ഭക്ഷണം,പുസ്തകങ്ങൾ, വസ്ത്രങ്ങൾ, മെത്തകൾ എന്നിവ അനുവദിക്കണമെന്നായിരുന്നു നടന്റെ ഹരജി. ഇതാണ് ബെംഗളൂരു മജിസ്ട്രേറ്റ് കോടതി തള്ളിയത്. ജയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും ഇതിനാൽ തന്റെ ഭാരം കുറഞ്ഞുവരികയാണെന്നും ദർശൻ നൽകിയ ഹരജിയിൽ പറഞ്ഞിരുന്നു.


ദർശന് മറ്റ് തടവുകാർക്ക് നൽകുന്ന അതേ ഭക്ഷണം നൽകുന്നത് തുടരുകയും മറ്റ് തടവുകാർ ചെയ്യുന്നതുപോലെ ജീവിക്കുകയും ചെയ്യുമെന്നും കോടതി നിർദേശിച്ചു. നടൻ ആവശ്യപ്പെടുന്ന സൗകര്യങ്ങൾ കൊലക്കേസ് പ്രതിക്ക് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സഹായത്തിന് ആളെ അനുവദിക്കണമെന്ന അപേക്ഷയും കോടതി നിരസിച്ചു. ഇത്തരം സംവിധാനങ്ങൾ ജയിലിൽ അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി. വീട്ടുവസ്ത്രവും കിടക്കയും പുസ്‌കവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദർശൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് എ.സി.എം.എം കോടതിയിൽ അപേക്ഷ നൽകിയത്. ജയിലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് തനിക്ക് വയറിളക്കം അനുഭവപ്പെട്ടിരുന്നെന്നും ദർശന്റെ ഹരജിയിലുണ്ടായിരുന്നു.

കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ദർശൻ.കേസിൽ നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേരും പ്രതികളാണ്. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രേണുകാസ്വാമിയെ പ്രതികൾ മർദനത്തിനിരയാക്കുമ്പോൾ പവിത്രയും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജൂൺ 11 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പവിത്രയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും പവിത്രയയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു.

തുടർന്ന് ജൂൺ 8ന് ദർശനേർപ്പെടുത്തിയ സംഘം രേണുകാസ്വാമിയെ ചിത്രദുർഗ എന്ന സ്ഥലത്ത് നിന്ന് നടനെ പരിചയപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് വണ്ടിയിൽ കയറ്റി. ബെംഗളൂരുവിൽ ആർആർ നഗറിലെ ഒരു ഷെഡിലെത്തിച്ച യുവാവിനെ കാണാൻ പിന്നീട് ദർശനും പവിത്രയുമെത്തി. തുടർന്നായിരുന്നു മർദനപരമ്പര. രേണുകാസ്വാമിയെ തല്ലിച്ചതയ്ക്കുന്നതിനും ഇലക്ട്രിക് ഷോക്കുകൾ നൽകുന്നതിനുമെല്ലാം ദർശനും പവിത്രയും നേതൃത്വം നൽകിയെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story