ബംഗാളിൽ 82,000 കേന്ദ്രസേനാംഗങ്ങളെ നിയോഗിക്കണം: കല്‍ക്കത്ത ഹൈക്കോടതി
സമ്മർദം താങ്ങാനാവുന്നില്ലെങ്കിൽ രാജിവയ്‌ക്കണമെന്നും ഗവര്‍ണര്‍ വേറെയാരെയെങ്കിലും നിയോഗിക്കുമെന്നും സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണറോട് കോടതി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംഘർഷ മേഖലകളിൽ 82,000 കേന്ദ്രസേനാംഗങ്ങളെ നിയോഗിക്കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി. 82,000 കേന്ദ്രസേനാംഗങ്ങളെ ആവശ്യപ്പെടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൽക്കത്ത ഹൈക്കോടതി നിർദേശം നൽകി. 24 മണിക്കൂർ സമയമാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനത്തിന്റെ ഡിവിഷൻ ബെഞ്ചിന്‍റതാണ് ഉത്തരവ്. 2013ൽ അന്നത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മീരാ പാണ്ഡെയുടെ മേൽനോട്ടത്തിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ച മാതൃകയിലാണ് 82,000 ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു.
നേരത്തെ 2200 സേനാംഗങ്ങളെ നിയോഗിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ നല്‍കിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഡിവിഷൻ ബെഞ്ച് വിമർശിക്കുകയും നിഷ്പക്ഷതയെക്കുറിച്ച് ചോദ്യമുന്നയിക്കുകയും ചെയ്തു. കോടതി ഉത്തരവുകൾ പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ സിൻഹയ്ക്ക് കോടതി നിര്‍ദേശം നല്‍കി. സമ്മർദം താങ്ങാനാവുന്നില്ലെങ്കിൽ രാജിവയ്‌ക്കണമെന്നും ഗവര്‍ണര്‍ വേറെയാരെയെങ്കിലും നിയോഗിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ടെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ നിലപാട് നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. ബംഗാളിലേക്ക് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന കൽക്കത്ത ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അപ്പീലാണ് സുപ്രിംകോടതി തള്ളിയത്.
അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ അക്രമങ്ങളിൽ സി.ബി.ഐ അന്വേഷണം ഉടൻ ആരംഭിക്കും. ജൂലൈ 8നാണ് ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.
Adjust Story Font
16