അടാല മസ്ജിദിൽ സർവേ നടത്തണമെന്ന ആവശ്യം തള്ളി യുപി കോടതി
14-ാം നൂറ്റാണ്ടിൽ ഫിറോസ് ഷാ തുഗ്ലക് ആണ് പള്ളി നിർമിച്ചത്.
ജൗൻപൂർ: ഉത്തർപ്രദേശിലെ ജൗൻപൂരിലെ അടാലാ മസ്ജിദിൽ സർവേ നടത്തണമെന്ന ആവശ്യം സിവിൽ കോടതി തള്ളി. മസ്ജിദ് അടാല ദേവിയുടെ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹിന്ദുത്വ സംഘടനയായ സ്വരാജ് വാഹിനി അസോസിയേഷൻ ആണ് കോടതിയെ സമീപിച്ചത്. ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമായ ഹരജികൾ പരിഗണക്കരുതെന്ന സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സുധ ശർമ ഹരജി തള്ളിയത്.
14-ാം നൂറ്റാണ്ടിലാണ് അടാല മസ്ജിദ് നിർമിച്ചത്. 13-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഫിറോസ് ഷാ തുഗ്ലക് ഇന്ത്യയിലെത്തിയപ്പോൾ അടാല ദേവിയുടെ ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചത് എന്നായിരുന്നു ഹരജിക്കാരുടെ വാദം. സർവേ നടത്തിയാൽ പള്ളിയുടെ യഥാർഥ ചരിത്രം വ്യക്തമാവും. സനാതന ധർമം ആചരിക്കുന്നവർക്ക് പള്ളിയിൽ ആരാധന നടത്താൻ അനുമതി നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
''സിവിൽ കോടതികളുടെ പരിഗണനയിലുള്ള ഇത്തരം കേസുകളിൽ ഇടക്കാല ഉത്തരവുകളോ അന്തിമ ഉത്തരവുകളോ സർവേക്ക് നിർദേശം നൽകുന്ന ഉത്തരവുകളോ പുറപ്പെടുവിക്കരുതെന്നാണ് സുപ്രിംകോടതി നിർദേശിച്ചിരിക്കുന്നത്. സുപ്രിംകോടതിയുടെ ഉത്തരവ് കർശനമായി പാലിക്കണം''-ജസ്റ്റിസ് സുധാ ശർമ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ജൗൻപൂർ നഗരത്തിൽ നിന്ന് 2.2 കിലോമീറ്റർ അകലെയാണ് അടാല മസ്ജിദ് സ്ഥിതിചെയ്യുന്നത്. 1408ൽ ജൗൻപൂർ സുൽത്താനായിരുന്ന ഇബ്രാഹീം ഷാ ശർഖ്വിയാണ് പള്ളി നിർമിച്ചത്. പളളിയോട് ചേർന്ന് ദീൻ ദുനിയ മദ്റസയും പ്രവർത്തിക്കുന്നു. യുപി സുന്നി വഖ്ഫ് ബോർഡിന്റെ കീഴിലുള്ള പള്ളിയിൽ അവകാശവാദം ഉന്നയിച്ച് ആഗ്ര കോടതിയിലും കേസുണ്ട്.
Adjust Story Font
16