ട്വിറ്റര്‍ ഇന്ത്യ മേധാവിക്കെതിരായ യു.പി പൊലീസിന്റെ നീക്കം തടഞ്ഞ് കോടതി
ട്വിറ്ററിനെതിരായി പുറപ്പെടുവിച്ച നോട്ടീസ് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും കോടതി വിമര്‍ശിച്ചു.
കലാപത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് ട്വിറ്റര്‍ ഇന്ത്യ മേധാവിക്കെതിരായി കൈകൊണ്ട യു.പി പൊലീസ് നടപടി തള്ളി കര്‍ണാടക ഹൈക്കോടതി. ഗാസിയാബാദില്‍ മുസ്‍ലിം വയോധികനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയോട് നേരിട്ട് ഹാജരാകാന്‍ പറഞ്ഞ യു.പി പൊലീസിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
സെക്ഷന്‍ 41 A പ്രകാരം യു.പിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കാനായിരുന്നു യു.പി പൊലീസ് ട്വിറ്റര്‍ പ്രതിനിധിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നിയമങ്ങള്‍ ആളുകളെ വിരട്ടി നിര്‍ത്താനുള്ളതല്ലെന്നാണ് കര്‍ണാടക ഹൈക്കോടതി പറഞ്ഞത്. ട്വിറ്ററിനെതിരായി പുറപ്പെടുവിച്ച നോട്ടീസ് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും കോടതി വിമര്‍ശിച്ചു.
41 A ബുദ്ധിമുട്ടിക്കാനുള്ള മാര്‍മായി കാണരുത്. കേസുമായി ബന്ധപ്പെട്ട് മനീഷ് മഹേശ്വരി യു.പിയിലേക്ക് പോകേണ്ടതില്ലെന്നും കോടതി പറഞ്ഞു. പൊലീസിന് വേണമെങ്കില്‍ വെര്‍ച്വലായി ചോദ്യം ചെയ്യാം. കേസ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ട്വിറ്ററിനെതിരെ തെളിവൊന്നും ഹാജരാക്കാന്‍ ഗാസിയാബാദ് പൊലീസിനായില്ലെന്നും ജസ്റ്റിസ് ജി നരേന്ദര്‍ കുറ്റപ്പെടുത്തി.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ചെങ്കിലും, മനീഷ് മഹേശ്വരി നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍ അബ്ദുല്‍ സമദ് എന്ന വയോധികനെ 'ജയ് ശ്രീറാം', 'വന്ദേ മാതരം' എന്നിവ വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ട്വിറ്ററിലൂടെ പ്രചരിച്ചത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ട്വിറ്റര്‍ ഇന്ത്യക്കു പുറമെ, ചില മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ ചുമത്തിയിരുന്നു.
Adjust Story Font
16