പാട്യാല മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം 80 പേർക്ക് കോവിഡ്
1000 വിദ്യാർഥികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കാനും ഹോസ്റ്റലിൽ നിന്ന് ഒഴിപ്പിക്കാനും നിർദേശം നൽകിയതായി അധികൃതർ
പഞ്ചാബിലെ പാട്യാല മെഡിക്കൽ കോളേജിലെയും രാജേന്ദ്ര ഗവൺമെൻറ് ആശുപത്രിയിലെയും ഡോക്ടർമാർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവരടക്കം 80 പേർക്ക് കോവിഡ്. പ്രദേശത്ത് കോവിഡ് ബാധ അതിതീവ്രമായി തുടരുന്നതിനിടെയാണ് സംഭവം. പാട്യാലയിൽ 143 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 419 കേസുകളുള്ള പഞ്ചാബിലെ 34 ശതമാനവും ഇവിടെയാണ്. 23.95 പോസിറ്റിവിറ്റി നിരക്കാണുള്ളത്. 22 റസിഡൻറ് ഡോക്ടർമാർ, 34 മെഡിക്കൽ വിദ്യാർഥികൾ, ഒമ്പത് ഫാകൽറ്റി അംഗങ്ങൾ, 15 സപ്പോർട്ടിങ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് രോഗബാധയുണ്ടായതായി ജില്ലാ എപിസ്റ്റമോളജിസ്റ്റ് ഡോ. സുമീത് സിങ് അറിയിച്ചു.
1000 വിദ്യാർഥികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കാനും ഹോസ്റ്റലിൽ നിന്ന് ഒഴിപ്പിക്കാനും നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. നിലവിൽ അസുഖം ബാധിച്ചവരെ ഐസലേഷനിലാക്കിയിരിക്കുകയാണ്. കുറച്ചു ദിവസം മുമ്പ് പാട്യാല താപ്പർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിലെ 93 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചിരുന്നു.
അതേസമയം, രാജ്യത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാർ കൂട്ടത്തോടെ കോവിഡ് പോസറ്റീവാകുകയാണ്. ഡൽഹി എയിംസ് ആശുപത്രിയിലെ 50 ഡോക്ടർമാർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ 23 റെസിഡന്റ് ഡോക്ടർമാർക്കും ബിഹാറിലെ പാട്ന നളന്ദ മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റലിലെ 72 ഓളം ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനിടെ പാറ്റ്നയിലെ ആശുപത്രിയിൽ 159 ഓളം ഡോക്ടർമാരാണ് അസുഖബാധിതരായത്. ലഖ്‌നൗവിലെ മെദാന്ത ആശുപത്രിയിലെ 25 ആരോഗ്യപ്രവർത്തകർക്കും കോവിഡ്-19 പോസിറ്റീവായിട്ടുണ്ട്. കൊൽക്കത്തിൽ വിവിധ ആശുപത്രികളിലായി 100 ലേറെ ഡോക്ടർമാർ രോഗബാധിതരായെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിൽ 70 ഓളം ഡോക്ടർമാർ കൽക്കത്ത നാഷണൽ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നവരാണ്.24 പേർ ചിത്തരഞ്ജൻ സേവ സദൻ ആന്റ് ശിശു സദൻ ആശുപത്രിയിലും ജോലി ചെയ്യുന്നവരാണ്.
കൂടുതൽ ഡോക്ടർമാർക്ക് രോഗലക്ഷങ്ങൾ കാണിച്ചതോടെ എയിംസിൽ അവധിയിലുള്ള ഡോക്ടർമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകിയിട്ടുണ്ട്. സഫ്ദർജംഗ് ആശുപത്രിയിൽ പോസറ്റീവായ ആർക്കും ഒമിക്രോൺ കണ്ടെത്തിയിട്ടില്ലെന്നും നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇവരെല്ലാം ഐസലേഷനിൽ കഴിയുകയാണ്. രാജ്യതലസ്ഥാനത്തെ സ്ഥിതി അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരവാളിനും കോവിഡ് പോസറ്റീവായിട്ടുണ്ട്. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ രോഗം ബാധിച്ചവരിൽ ചിലർക്ക് നേരിയ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ പലരും ആശുപത്രി കാമ്പസിൽ ഐസലോഷനിൽ കഴിയുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പുതുവത്സര പാർട്ടികളിലും മറ്റും പങ്കെടുത്തതിനാലാണ് പാട്യാലയിലെ രാജിന്ദ്ര ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ കോളജിൽ ഇത്രയേറെ ഡോക്ടർമാർക്ക് രോഗം പകരാൻ കാരണമെന്ന് ആശുപത്രി അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ ആശുപത്രികളിൽ ഡോക്ടർമാർക്ക് പുറമെ നഴ്‌സുമാരും മറ്റു ആരോഗ്യപ്രവർത്തകർക്കിടയിലും രോഗം പടരുന്നത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കി കാണുന്നത്. ഡോക്ടർമാർ കൂട്ടത്തോടെ പോസറ്റീവായതോടെ രോഗികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയും ആശുപത്രി അധികൃതർ പങ്കുവെക്കുന്നുണ്ട്.
Covid for 80 people, including doctors, students and staff of Patiala Medical College and Rajendra Government Hospital in Punjab.
Adjust Story Font
16