Quantcast

അഞ്ച് വയസില്‍ താഴെ മാസ്ക് വേണ്ട; കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗരേഖ പുതുക്കി

12 വയസും അതിൽ കൂടുതലുമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ തന്നെ നിര്‍ബന്ധമായി മാസ്ക് ധരിക്കണം.

MediaOne Logo

Web Desk

  • Updated:

    2022-01-21 05:50:24.0

Published:

21 Jan 2022 5:21 AM GMT

അഞ്ച് വയസില്‍ താഴെ മാസ്ക് വേണ്ട; കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗരേഖ പുതുക്കി
X

5 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് മാസ്ക് ശിപാർശ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നതിങ്ങനെ- 5 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് മാസ്ക് ശിപാർശ ചെയ്യുന്നില്ല. 6-11 വയസ് പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം സുരക്ഷിതമായി മാസ്ക് ധരിക്കാം. 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ തന്നെ നിര്‍ബന്ധമായി മാസ്ക് ധരിക്കണം. മോണോക്ലോണൽ ആൻറിബോഡികളുടെ ഉപയോഗവും ആൻറിവൈറലുകളും 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ശിപാർശ ചെയ്യുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുട്ടികള്‍ കോവിഡ് പോസിറ്റീവായാല്‍ രോഗലക്ഷണമില്ലെങ്കില്‍, നേരിയ ലക്ഷണമാണെങ്കില്‍ സാധാരണ രീതിയിലുള്ള പരിചരണം നല്‍കണം. പോഷകാഹാരം സംബന്ധിച്ച നിര്‍ദേശങ്ങളും മാനസിക പിന്തുണയും കുട്ടികള്‍ക്ക് നല്‍കണം. വാക്സിനേഷന് അര്‍ഹരായ കുട്ടികള്‍ക്ക് വാക്സിന്‍ ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കുട്ടികള്‍ ഗുരുതര ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാല്‍, ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കണം. കുട്ടികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ വീണ്ടും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനത്തിനിടെ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലെത്തി. ടി.പി.ആർ 17.94 ശതമാനമായി. 703 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 9692 ആയി. 2,51,777 പേര്‍ രോഗമുക്തരായി. നിലവില്‍ 20,18,825 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 93.50 ശതമാനമാണ് രോഗമുക്തി നിരക്ക്.

കോവിഡ് കേസുകള്‍ ഉയരുമ്പോഴും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. മരണ നിരക്കും കുറഞ്ഞു. എല്ലാ കോവിഡ് കേസുകളും ജീനോം പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ല. എങ്കിലും ഒമിക്രോണ്‍ ആണ് നിലവില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. അതേസമയം ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു.

TAGS :

Next Story