ഇന്ത്യയിൽ കോവിഡ് തരംഗം ദിവസങ്ങൾക്കകമെന്ന് കേംബ്രിജ് കൊറോണ വൈറസ് ട്രാക്കർ
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ സ്‌ഫോടനാത്മക വളർച്ചയുണ്ടാകുമെന്നും എന്നാൽ അതിതീവ്ര വളർച്ചയുടെ ഘട്ടം ഹ്രസ്വമായിരിക്കുമെന്നും കേംബ്രിജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ്സ് സ്‌കൂൾ പ്രഫസർ പോൾ കട്ടുമാൻ പറഞ്ഞു
ഹ്രസ്വകാലം നീണ്ടു നിൽക്കുന്ന കോവിഡ് തരംഗം ഇന്ത്യയിൽ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന പ്രവചനവുമായി കേംബ്രിജ് സർവകലാശാല വികസിപ്പിച്ച കൊറോണ വൈറസ് ട്രാക്കർ. മെയ് മാസത്തിൽ ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം മൂർധന്യത്തിലെത്തുമെന്നും ഈ ട്രാക്കർ സംവിധാനം കൃത്യമായി പ്രവചിച്ചിരുന്നു.
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ സ്‌ഫോടനാത്മക വളർച്ചയുണ്ടാകുമെന്നും എന്നാൽ അതിതീവ്ര വളർച്ചയുടെ ഘട്ടം ഹ്രസ്വമായിരിക്കുമെന്നും കേംബ്രിജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ്സ് സ്‌കൂൾ പ്രഫസർ പോൾ കട്ടുമാൻ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, മിക്കവാറും ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ പുതിയ അണുബാധകളുടെ എണ്ണം ഉയരാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും ഇന്ത്യൻ സംസ്ഥാനം ഒമിക്രോണിൽ നിന്ന് പൂർണമായും രക്ഷപ്പെട്ട് നിൽക്കുമെന്ന് കരുതുന്നില്ലെന്നും പ്രഫ. പോൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പതിനൊന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ അണുബാധ നിരക്ക് കുത്തനെ ഉയർന്നതായി സർവകലാശാലയുടെ കൊറോണ വൈറസ് ട്രാക്കർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കേസുകളുടെ പ്രതിദിന വളർച്ച നിരക്ക് ഡിസംബർ 25ന് നെഗറ്റീവായിരുന്നത് ഡിസംബർ 26ന് 0.6 ശതമാനവും ഡിസംബർ 27ന് 2.4 ശതമാനവും ഡിസംബർ 29ന് 5 ശതമാനവുമായി വർധിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,775 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.ഇന്ത്യയിൽ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 1431 ആയി ഉയർന്നു.
Adjust Story Font
16