Quantcast

​ലോറിയിൽ നാരങ്ങ കൊണ്ടുപോയ യുവാക്കൾക്കും രക്ഷയില്ല; പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ ക്രൂരമർദനം

സോനു ബൻഷിറാം, സുന്ദർ സിങ് എന്നിവർക്കാണ് മർദനമേറ്റത്

MediaOne Logo

Web Desk

  • Updated:

    2024-07-03 05:19:16.0

Published:

3 July 2024 4:43 AM GMT

cow vigilantes attack at rajastan
X

ജയ്പുർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവറെയും ജീവനക്കാരനെയും ഗോ സംരക്ഷകർ ​അതിക്രൂരമായി മർദിച്ചു. ചുരു ജില്ലയിലെ സദൽപുരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിയാന ഫത്തേഹ്ബാദ് സ്വദേശികളായ സോനു ബൻഷിറാം (29), സുന്ദർ സിങ് (35) എന്നിവർക്കാണ് മർദനമേറ്റത്.

ജയ്പുരിൽനിന്ന് പഞ്ചാബിലെ ബാത്തിൻഡയിലേക്ക് ലോറിയിൽ നാരങ്ങ കൊണ്ടുപോവുകയായിരുന്നു ഇരുവരും. ഇതിനിടയിൽ ഒരു സംഘമാളുകൾ ബൈക്കിലും ജീപ്പിലും പിന്തുടരാൻ തുടങ്ങി. ലോറി ലസേരി ഗ്രാമത്തിലെ ടോൾ ബൂത്തിന് സമീപ​മെത്തിയപ്പോൾ ആളുകൾ വടി കൊണ്ട് വാഹനത്തെ അടിക്കാൻ തുടങ്ങി.

തുടർന്ന് വാഹനത്തിൽനിന്ന് ഇവരെ പുറത്തിറക്കി മർദിക്കുകയായിരുന്നു. പശുക്കടത്തല്ലെന്ന് ഇരുവരും പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല. ഇവരുടെ മൊബൈൽ ഫോണുകളും സംഘം തട്ടിയെടുത്തിട്ടുണ്ട്.

സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രണ്ടുപേരെയും നിലത്തിട്ട് അടിക്കുന്നത് വിഡിയോയിൽ കാണാം. കൂടാതെ മുഖത്ത് ചെരിപ്പുകൊണ്ട് അടിക്കുകയും തലയിൽ ചവിട്ടുകയും ചെയ്തിട്ടുണ്ട്.

ഗുരുതര പരിക്കേറ്റ ഇരുവരെയും പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഏഴുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. വധശ്രമത്തിനാണ് പ്രതിക​ൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

രാജ്യത്ത് ഗോ സംരക്ഷകരുടെ ആക്രമണം ദിനംപ്രതി വർധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് ആക്രമണത്തിൽ മരണപ്പെട്ടത്. കഴിഞ്ഞമാസം ഛത്തീസ്ഗഢിൽ പോത്തുകളെ കൊണ്ടുപോകുന്നതിനിടെ മൂന്നുപേരെ ജനക്കൂട്ടം ആക്രമിച്ച് കൊന്നിരുന്നു.

TAGS :

Next Story