ഗോവധം: വ്യാജ കേസിൽ മുസ്‍ലിം യുവാക്കളെ പ്രതികളാക്കാൻ ശ്രമിച്ച ഹിന്ദു മഹാസഭ നേതാവടക്കം നാലുപേര്‍ പിടിയിൽ
ബിസിനസ് വൈരാഗ്യം തീർക്കാനായിരുന്നു രാമനവമി ദിവസത്തിൽ വ്യജപ്പരാതി നല്‍കിയെന്ന് പൊലീസ്
ആഗ്ര: രാമനവമി ദിനം ഗോവധം നടത്തിയെന്ന് ആരോപിച്ച് നാല് മുസ്‍ലിം യുവാക്കൾക്കെതിരെ കള്ളക്കേസ് കൊടുത്ത ഹിന്ദു മഹാസഭ നേതാവും അനുയായികളും പിടിയിൽ. ആഗ്രഹയിലെ ഗൗതം നഗറിൽവെച്ച് രാമനവമി ദിവസമായ മാർച്ച് 30 ന് ഗോവധം നടത്തിയെന്നായിരുന്നു പരാതി.അഖിലഭാരത ഹിന്ദു മഹാസഭയുടെ പ്രവർത്തകനായ ജിതേന്ദ്ര കുശ്വാഹ,ദേശീയ വക്താവ് സഞ്ജയ് ജാട്ട്, ബ്രജേഷ് ഭദോറിയ, സൗരഭ് ശർമ്മ എന്നിവരെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പോലീസ് കമ്മീഷണർ (എസിപി) ആർകെ സിംഗ് പറഞ്ഞു.
ജിതേന്ദ്ര കുശ്വാഹയായിരുന്നു പരാതി നൽകിയിരുന്നത്. ഇയാളുടെ പരാതിയിൽ പറയുന്ന യുവാക്കളിൽ രണ്ടുപേർ കശാപ്പുകാരുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറയുന്ന യുവാക്കൾ ആ ദിവസം സംഭവം നടന്നെന്ന് പറയുന്ന സ്ഥലത്ത് ഇല്ലെന്ന് വ്യക്തമായി. തുടർന്നാണ് ഈ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ട് ഉൾപ്പെടെയുള്ള നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വിവാദപരവും വർഗീയവുമായ പ്രസ്താവനകൾ നടത്തിയതിന് അദ്ദേഹം നേരത്തെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കിമിനൽ ഗൂഢാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായ ജിതേന്ദ്ര കുശ്വാഹയുടെ ഒരു സുഹൃത്ത് കശാപ്പുകാരനാണ്. ഇയാളുടെ ബിസിനസ് എതിരാളികളാണ് വ്യാജപ്പരാതിയിൽ ഉൾപ്പെട്ട രണ്ടുപേർ. വ്യക്തിവൈര്യാഗം തീർക്കാൻ വേണ്ടിയാണ് മുസ്ലിം യുവാക്കൾക്കെതിരെ വ്യാജപ്പരാതി നൽകിയെന്നും പൊലീസ് കണ്ടെത്തി. നാല് യുവാക്കൾക്കെതിരെ കേസ് കൊടുക്കാൻ തെരഞ്ഞെടുത്ത ദിവസവും രാമനവമി ആയതും ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കേസിൽ അറസ്റ്റിലായവരെല്ലാം പ്രവർത്തകരാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റം തെളിഞ്ഞാൽ ഇവരെ പുറത്താക്കുമെന്നും ഹിന്ദു മഹാസഭ അറിയിച്ചു.
Adjust Story Font
16