Quantcast

ആയുധ ലൈസൻസിന് കൂട്ടത്തോടെ അപേക്ഷ നൽകി ഹരിയാനയിലെ ഗോരക്ഷകർ

നൂഹിലെ കലാപത്തിന് ശേഷം 90 ലൈസൻസുകൾ ഗോരക്ഷകർ നേടിയെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    7 July 2024 4:56 AM GMT

Cow vigilantes in Haryana apply for arms license
X

ന്യൂഡൽഹി: ഹരിയാനയിലെ ഗോസംരക്ഷണ സംഘങ്ങൾ ആയുധ ലൈസൻസിനായി കൂട്ടത്തോടെ അപേക്ഷ നൽകി. ഹരിയാനയിലെ പശുക്കടത്ത് സംഘങ്ങളെ നേരിടാനാണ് സർക്കാരിനോട് തോക്കുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. നൂഹിലെ കലാപത്തിന് ശേഷം 90 ലൈസൻസുകൾ ഗോരക്ഷകർ നേടിയെടുത്തിരുന്നു. ഹരിയാനയിൽ ഗോവധം നിരോധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പശു സംരക്ഷക സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നെന്ന് ആരോപിച്ചാണ് ആയുധ ലൈസൻസിനായി അപേക്ഷ നൽകിയത്. ജൂൺ 25ന് നുഹ് ജില്ലയിൽ പശു സംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു വ്യാപാരിക്ക് നേരെ ഒരു സംഘം ആളുകൾ വെടിയുതിർത്തിരുന്നു. അക്രമികൾ പശു കടത്ത് സംഘത്തിലുള്ളവരാണെന്നാണ് വ്യാപാരിയുടെ സംശയം. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ലോക്കൽ പൊലീസിന് കഴിഞ്ഞില്ല. വ്യാപാരി ഏതെങ്കിലും തരത്തിൽ പശു സംരക്ഷണ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.- 'ദി ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തു.

വ്യാപാരിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ഗോസംരക്ഷണ സംഘങ്ങൾ തങ്ങളുടെ അംഗങ്ങളോട് ആയുധ ലൈസൻസിന് അപേക്ഷിക്കാൻ പറയുന്നത്.

രണ്ടാഴ്ച മുമ്പ് നൂഹിൽ കാറിൽ പിന്തുടർന്നെത്തിയ പശുക്കടത്തുകാരുടെ വെടിയേറ്റ് ​ഗോസംരക്ഷകന് ഗുരുതരമായി പരിക്കേറ്റിരുന്നു. നിരോധനം നടപ്പിലാക്കാൻ സഹായിക്കുന്നതിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും 'ഗോ സംരക്ഷണ ടാസ്‌ക് ഫോഴ്‌സ്' സർക്കാർ രൂപീകരിച്ചിരുന്നു. പ്രാദേശിക ​ഗോസംരക്ഷകർ ജില്ലാതല ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളാണ്.

കന്നുകാലി സംബന്ധമായ ആൾക്കൂട്ട കൊലപാതകങ്ങളും പശുസംരക്ഷണത്തെക്കുറിച്ചുള്ള ഭയവും ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലുള്ള കന്നുകാലി വ്യാപാരത്തെ ചുരുക്കിയതായി മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ നൂഹിലെ നിവാസികൾ പറയുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

ജില്ലയിൽ കഴിഞ്ഞ വർഷം വൻ വർഗീയ കലാപം നടന്നിരുന്നു. നൂഹിലുണ്ടായ വർഗീയ സംഘർഷത്തിൽ ഗോരക്ഷാസേനാ നേതാവും ബജ്‌റങ്ദൾ പ്രവർത്തകനുമായ മോനു മനേസറിനെ അറസ്റ്റ് ചെയ്തു. ജനുവരിയിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

ഹരിയാനയിലെ നൂഹിൽ ജൂലൈ 31ന് ഉണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ ബജ്‌റംഗ്ദൾ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story