Quantcast

മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ മര്‍ദിച്ചു കൊലപ്പെടുത്തി

മരിച്ചവരിൽ ഒരാളുടെ ഭാര്യ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അക്രമികൾ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    4 May 2022 6:55 AM GMT

മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ മര്‍ദിച്ചു കൊലപ്പെടുത്തി
X

മധ്യപ്രദേശ്: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ ഗോസംരക്ഷകര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ധന്‍ഷ ഇനാവതി, സമ്പത്ത് വതി എന്നിവരാണ് മരിച്ചത്. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവർ ഒളിവിലാണെന്നും പോലീസ് സൂപ്രണ്ട് (എസ്പി) സിയോനി കുമാർ പ്രതീക് പറഞ്ഞു.

കുറൈ പോലീസ് സ്റ്റേഷൻ പരിധിയിലെ സെമരിയ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ഗോമാംസവുമായി ആദിവാസികളെ പിടികൂടിയത്. പൊലീസില്‍ വിവരമറിയിക്കുന്നതിനു പകരം സംഘം യുവാക്കളെ മര്‍ദിക്കുകയായിരുന്നു. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു ആദിവാസി യുവാവിനെയും അക്രമികൾ ആക്രമിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ ദേശീയപാത 44ല്‍ റോഡ് ഉപരോധിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മരിച്ചവരിൽ ഒരാളുടെ ഭാര്യ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അക്രമികൾ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.

കൊലപാതകത്തിനു പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കുറൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ അര്‍ജുന്‍ മകോഡിയയും അനുയായികളും സ്ഥലത്തെത്തി റോഡ് ഉപരോധിച്ചത് ഇരുവശങ്ങളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിന് ഇടയാക്കി. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കണമെന്നും പരിക്കേറ്റ യുവാവിന്‍റെ ചികിത്സയ്ക്ക് സര്‍ക്കാര്‍ ചെലവില്‍ കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story