Quantcast

കർണാടക ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി പരിഗണിച്ച സി.പി യോഗേശ്വർ കോൺഗ്രസിൽ

പിസിസി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ യോഗേശ്വറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2024-10-23 11:23:43.0

Published:

23 Oct 2024 9:45 AM GMT

C. P. Yogeshwar quits BJP
X

ബെംഗളൂരു: കർണാടകയിലെ ചന്നപട്ടണ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന ബിജെപി നേതാവ് സി.പി യോഗേശ്വർ കോൺഗ്രസിൽ ചേർന്നു. യോഗേശ്വറിനെ ജെഡി(എസ്) സ്ഥാനാർഥിയാക്കുന്നത് പരിഗണിക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ തന്നോട് ആവശ്യപ്പെട്ടതായി എച്ച്.ഡി കുമാരസ്വാമി പാർട്ടി പ്രവർത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുമാറ്റം.

പിസിസി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ യോഗേശ്വറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി പതാകയും ഷാളും ശിവകുമാർ യോഗേശ്വറിന് സമ്മാനിച്ചു. പാർട്ടി എംഎൽഎമാരും ബെംഗളൂരു റൂറൽ മുൻ എംപി ഡി.കെ സുരേഷും ചടങ്ങിൽ പങ്കെടുത്തു.

ചന്നപട്ടണത്ത് കോൺഗ്രസ് സ്ഥാനാർഥിയായി യോഗേശ്വർ നാളെ നാമനിർദേശപത്രിക സമർപ്പിക്കും. മുൻ മന്ത്രിയായ യോഗേശ്വറിനെ 2020 ജൂലൈയിൽ ബിജെപി എംഎൽസിയായി നാമനിർദേശം ചെയ്തിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് യോഗേശ്വർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു റൂറലിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന മഞ്ജുനാഥിനെ വിജയിപ്പിക്കുന്നതിൽ നിർണായ പങ്കുവഹിച്ച വ്യക്തിയാണ് യോഗേശ്വർ. ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിനെയാണ് മഞ്ജുനാഥ് പരാജയപ്പെടുത്തിയത്.

വൊക്കലിഗ വോട്ട് നിർണായകമായ ചന്നപട്ടണ മണ്ഡലത്തിൽ യോഗേശ്വറിന് വലിയ സ്വാധീനമുണ്ട്. 1999 മുതൽ ചന്നപട്ടണത്ത് നിന്ന് യോഗേശ്വർ തുടർച്ചയായി അഞ്ച് തവണ വിജയിച്ചിരുന്നു. സ്വതന്ത്രനായും കോൺഗ്രസ്, ബിജെപി, സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായും അദ്ദേഹം വിജയിച്ചിട്ടുണ്ട്. രണ്ട് തവണ കോൺഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം വിജയിച്ചത്.

എംഎൽഎ ആയിരുന്ന ജെഡി(എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി മാൺഡ്യയിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപട്ടണത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സീറ്റ് തിരിച്ചുപിടിക്കാൻ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ ശക്തമായ നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. നിരവധി തവണ മണ്ഡലത്തിൽ സന്ദർശനം നടത്തിയ ഡി.കെ പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. പക്ഷേ വിജയസാധ്യതയുള്ള ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. യോഗേശ്വറിന്റെ വരവോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

TAGS :

Next Story