Quantcast

ബംഗാളിൽ ബിജെപിയെ കടത്തിവെട്ടി ഇടതു മുന്നേറ്റം; വോട്ടുവിഹിതം കൂടി

65 വാര്‍ഡുകളില്‍ ഇടതു പാര്‍ട്ടികള്‍ രണ്ടാമതെത്തി

MediaOne Logo

Web Desk

  • Updated:

    2021-12-22 07:52:33.0

Published:

22 Dec 2021 7:07 AM GMT

ബംഗാളിൽ ബിജെപിയെ കടത്തിവെട്ടി ഇടതു മുന്നേറ്റം; വോട്ടുവിഹിതം കൂടി
X

കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെയും ഇടതു പാർട്ടികളെയും കോൺഗ്രസിനെയും അപ്രസക്തമാക്കി തൃണമൂൽ കോൺഗ്രസ്. 144 വാർഡുകളിൽ 134 ഇടത്തും ജയിച്ചാണ് തൃണമൂൽ മറ്റു പാർട്ടികളെ നിഷ്പ്രഭമാക്കിയത്. ഏഴു മാസം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വൻവിജയത്തിന് ശേഷമാണ് കൊൽക്കത്തയിലും തൃണമൂൽ അപ്രമാദിത്വം നിലനിർത്തുന്നത്.

രണ്ടാം സ്ഥാനത്തു വന്ന ബിജെപിക്ക് മൂന്നു സീറ്റു മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റാണ് പാർട്ടിക്കുണ്ടായിരുന്നത്. കോൺഗ്രസിനും ഇടതുപാർട്ടികൾക്കും രണ്ടു സീറ്റുകൾ വീതം ലഭിച്ചു. 2015ൽ ഇടത് 13 സീറ്റിൽ വിജയിച്ചിരുന്നു. കോൺഗ്രസ് രണ്ടു സീറ്റിലും. വിജയിച്ച സ്വതന്ത്രരായ പുർഭാഷ നസ്‌കറും ആയിഷ ഖനീസും തൃണമൂലിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പോൾ ചെയ്ത വോട്ടിൽ തൃണമൂൽ 72.16 ശതമാനം വോട്ടു നേടി. അതേസമയം, ഇടതിന് ബിജെപിയേക്കാൾ വോട്ടുവിഹിതം ലഭിച്ചു. ഇടതുമുന്നണിക്ക് 11.87 ശതമാനം വോട്ടു ലഭിച്ചപ്പോൾ ബിജെപിക്ക് ലഭിച്ചത് 9.19 ശതമാനം വോട്ടാണ്. കോൺഗ്രസിന് 4.13 ശതമാനവും സ്വതന്തർക്ക് 2.43 ശതമാനവും വോട്ടു ലഭിച്ചു. 2015ലെ തെരഞ്ഞെടുപ്പിൽ നിന്ന് 22 ശതമാനം അധികവോട്ടാണ് ടിഎംസിക്ക് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 11 ശതമാനം വോട്ടുകൂടി.

ഇടതു പാർട്ടികൾ ബിജെപിയേക്കാൾ മികച്ച പ്രകടനം നടത്തി എന്നതാണ് തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായത്. 65 ഇടത്താണ് പാർട്ടി സ്ഥാനാർത്ഥികൾ രണ്ടാമതെത്തിയത്. ബിജെപി 48 വാർഡിൽ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസിന് 16 ഇടത്ത് മാത്രമേ രണ്ടാമതെത്താൻ ആയുള്ളൂ. സ്വതന്ത്രർ അഞ്ചിടത്തും രണ്ടാമതായി. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതിന് 13 ശതമാനം വോട്ടു കുറഞ്ഞെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ഏഴു ശതമാനം വോട്ടു കൂടുതൽ നേടാൻ ഇടതിനായി.

128 വാർഡിലാണ് ഇടതു പാർട്ടികൾ മത്സരിച്ചിരുന്നത്. സിപിഎം 93, സിപിഐ 13, ആർഎസ്പി 7, ഫോർവേഡ് ബ്ലോക് 10 എന്നിങ്ങനെയാണ് മത്സരിച്ച സീറ്റുകൾ. ഇടതു മുന്നണി സ്ഥാനാർത്ഥികളിൽ 59 പേർ വനിതകളായിരുന്നു. ഇതിൽ 17 പേർ മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു.

ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണിതെന്ന് മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റു ചെയ്തു. തെരഞ്ഞെടുപ്പ് ആഘോഷം പോലെയാണ് ജനം കൊണ്ടാടിയത്. സമാധാനപരമായി അവർ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു- മമത കൂട്ടിച്ചേർത്തു. ഡിസംബർ 23ന് കൗൺസിലർമാർ ചേർന്ന് പുതിയ മേയറെ തെരഞ്ഞെടുക്കുമെന്നും അവർ വ്യക്തമാക്കി. പൊലീസിനെയും തെരഞ്ഞെടുപ്പ് സംവിധാനത്തെയും അട്ടിമറിച്ചാണ് തൃണമൂൽ വിജയിച്ചതെന്ന് ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസ് ആരോപിച്ചു.

TAGS :

Next Story