Quantcast

ബാലിഗഞ്ചില്‍ രണ്ടാമതെത്തിയത് സൈറ; ബംഗാളില്‍ സി.പി.എമ്മിന്‍റെ തിരിച്ചുവരവ്

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാബുല്‍ സുപ്രിയോ ആണ് ബാലിഗഞ്ചില്‍ വിജയിച്ചത്.

MediaOne Logo

Web Desk

  • Published:

    16 April 2022 11:24 AM GMT

ബാലിഗഞ്ചില്‍ രണ്ടാമതെത്തിയത് സൈറ; ബംഗാളില്‍ സി.പി.എമ്മിന്‍റെ തിരിച്ചുവരവ്
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍റെ തിരിച്ചുവരവ്. ബാലിഗഞ്ചില്‍ സി.പി.എം സ്ഥാനാര്‍ഥി സൈറ ഷാ ഹലീം ആണ് രണ്ടാമതെത്തിയത്. സൈറ 30971 വോട്ട് നേടി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാബുല്‍ സുപ്രിയോ ആണ് ബാലിഗഞ്ചില്‍ വിജയിച്ചത്. 51199 വോട്ടാണ് ബി.ജെ.പി വിട്ട് തൃണമൂലിലെത്തിയത് ബാബുല്‍ സുപ്രിയോയ്ക്ക് ലഭിച്ചത്.

2021ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി ഡോ. ഫുവദ് ഹലീമിന് 8474 വോട്ട് മാത്രമാണ് ബാലിഗഞ്ചില്‍ നേടാന്‍ കഴിഞ്ഞത്. മൂന്നാം സ്ഥാനത്തായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ 22000ലധികം വോട്ടുകള്‍ അധികമായി നേടാന്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് കഴിഞ്ഞു‌. സൈറയുടെ ഭര്‍ത്താവാണ് ഡോ.ഫുവദ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി മണ്ഡലത്തില്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേയ ഘോഷ് ആയിരുന്നു ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി. 13,220 വോട്ട് നേടാനേ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞുള്ളൂ.


മമത സർക്കാറിൽ മന്ത്രിയായിരുന്ന സുബ്രത മുഖർജിയുടെ നിര്യാണത്തെ തുടർന്നാണ് ബാലിഗഞ്ച് നിയമസഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പൌരത്വ നിയമ ഭേദഗതിക്കതിരായ സമരത്തിലൂടെ ശ്രദ്ധേയ ആയിരുന്നു സൈറ. ബോളിവുഡ് നടൻ നസീറുദ്ദീൻ ഷായുടെ അനന്തരവളാണ് സൈറ. നസീറുദ്ദീന്‍ ഷായും ഭാര്യ രത്ന പതക് ഷായും വീഡിയോ സന്ദേശത്തില്‍ സൈറയ്ക്കായി വോട്ട് അഭ്യര്‍ഥിച്ചിരുന്നു- "എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, ഒരു പാര്‍ട്ടിയോടും ഞാൻ കടപ്പെട്ടിട്ടില്ല. ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പിൽ സൈറ ഷാ ഹലീമിന്റെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാനാണ് ഞാന്‍ വന്നത്. എന്‍റെ സഹോദരന്‍റെ മകളായതിനാൽ സ്വാഭാവികമായും അവള്‍ ജനിച്ചപ്പോൾ മുതൽ എനിക്കവളെ അറിയാം. പ്രതിബദ്ധതയുള്ള, പാവപ്പെട്ടവരെ സഹായിക്കാൻ എപ്പോഴും തത്പരയായ, സത്യസന്ധതയുള്ള, കരുതലുള്ള ഒരു വ്യക്തിയാണ് സൈറ. സ്വന്തം ജീവിതം സാമൂഹ്യസേവനത്തിനായി സമര്‍പ്പിച്ചവളാണ്. അവളും ഭർത്താവും വർഷങ്ങളായി പാവപ്പെട്ടവർക്കും ദരിദ്രർക്കും വേണ്ടി ഒരു ഡയാലിസിസ് ക്ലിനിക്ക് നടത്തുന്നുണ്ട്"- എന്നാണ് ഷാ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.


ബാലിഗഞ്ചിന്‍റെ 1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആറു തവണ സി.പി.എം ആണ് വിജയിച്ചത്. 1977 മുതൽ നാലു തവണ സചിൻ സെന്നും 1996ലും 2001ലും റെബിൻ ദേബും സി.പി.എം സ്ഥാനാർഥികളായി വിജയിച്ചു. 2006ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കന്നി വിജയം നേടി. അഹമ്മദ് ജാവേദ് ഖാനായിരുന്നു സ്ഥാനാര്‍ഥി. 2011, 2016, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൃണമൂലിന്‍റെ സുബ്രത മുഖര്‍ജിയാണ് ഇവിടെ വിജയിച്ചത്. ബാബുല്‍ സുപ്രിയോയിലൂടെ ഉപതെരഞ്ഞെടുപ്പിലും തൃണമൂല്‍ മണ്ഡലം നിലനിര്‍ത്തിയിരിക്കുകയാണ്. നിർണായകമായ ജനവിധിക്ക് വോട്ടർമാർക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി നന്ദി പറഞ്ഞു.

TAGS :

Next Story