'മോദി സർക്കാരിന്‍റെ സർവേ പ്രകാരം കേരളം മികച്ച സംസ്ഥാനം': യോഗിക്ക് മറുപടിയുമായി യെച്ചൂരി
നിരവധി കേസുകൾ സ്വന്തമായുള്ള യോഗിക്ക് കേരളത്തെ വിമർശിക്കാൻ അർഹതയില്ലെന്ന് സീതാറാം യെച്ചൂരി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരളാ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ സി.പി.എം. മോദി സർക്കാരിന്‍റെ സർവേ പ്രകാരം കേരളമാണ് മികച്ച സംസ്ഥാനമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നിരവധി കേസുകൾ സ്വന്തമായുള്ള യോഗിക്ക് കേരളത്തെ വിമർശിക്കാൻ അർഹതയില്ലെന്നും യെച്ചൂരി പ്രതികരിച്ചു.
കേരളത്തിന്‍റെ പൊതുതാത്പര്യത്തിനൊപ്പമല്ല ബി.ജെ.പിയെന്ന് സി.പി.എം നേതാവ് എ വിജയരാഘവന്‍ വിമര്‍ശിച്ചു. യോഗി ആദിത്യനാഥ് ശ്രമിക്കുന്നത് വിദ്വേഷ പ്രചാരണത്തിനാണ്. യോഗിക്ക് ഇങ്ങനെ ചിന്തിക്കാനേ കഴിയൂ എന്നും വിജയരാഘവന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിനെ കേരളവും ബംഗാളുമാക്കരുതെന്നാണ് യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചത്. പോളിങ് ആരംഭിക്കുന്നതിനു ഏതാനും മിനുട്ടുകൾ മുൻപായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശം. താന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ചെയ്തതെന്നും യോഗി അവകാശപ്പെട്ടു- "ബംഗാളിൽ നിന്ന് വന്ന് ഇവര്‍ ഇവിടെ അരാജകത്വം പ്രചരിപ്പിക്കുകയാണ്. ജാഗ്രത പുലർത്തുക. സുരക്ഷയും നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനവും തടസ്സപ്പെടുത്താൻ ആളുകള്‍ വന്നിരിക്കുന്നു. അത് സംഭവിക്കാൻ അനുവദിക്കരുത്. ജനങ്ങളെ ഇക്കാര്യം അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു"- യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങൾ യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി- "ഞാന്‍ ചോദിക്കാൻ ആഗ്രഹിക്കുന്നു, ബംഗാളിൽ സമാധാനപരമായാണോ തെരഞ്ഞെടുപ്പ് നടന്നത്? അടുത്തിടെ ബംഗാളിൽ വിധാൻസഭാ തെരഞ്ഞെടുപ്പ് നടന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ബൂത്തുകൾ പിടിച്ചെടുത്തു. അരാജകത്വം അതിന്റെ ഉച്ചസ്ഥായിയിലാണ്. നിരവധി പേർ കൊല്ലപ്പെട്ടു. കേരളത്തിലും സമാനമായ അവസ്ഥയാണുള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നതുപോലെ അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റെവിടെയാണ് നടന്നത്?" എല്ലാവർക്കും സുരക്ഷിതത്വവും സമൃദ്ധിയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് തന്റെ സർക്കാർ പ്രവർത്തിക്കുന്നതെന്നും ഒരു പ്രത്യേക സമുദായത്തെയും പ്രീണിപ്പിക്കില്ലെന്നും യോഗി ആദിത്യനാഥ് വിശദീകരിച്ചു.
"അഞ്ച് വർഷത്തിനുള്ളിൽ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് തടസ്സം നേരിട്ടോ? ഹിന്ദുക്കളും മുസ്‍ലിംകളും അവരുടെ ഉത്സവങ്ങള്‍ സമാധാനപരമായി ആഘോഷിച്ചു. ഹിന്ദുക്കൾ സമാധാനത്തോടെയിരിക്കുമ്പോൾ അവരും (മുസ്‍ലിംകളും) സമാധാനത്തിലാണ്. ഹിന്ദുക്കൾ സുരക്ഷിതരാണ്, അതിനാൽ മുസ്‍ലിംകളും. ഞങ്ങൾ എല്ലാവർക്കും സുരക്ഷിതത്വം നൽകുന്നു, എല്ലാവർക്കും അഭിവൃദ്ധി നൽകുന്നു, എല്ലാവരെയും ബഹുമാനിക്കുന്നു, എന്നാൽ ആരെയും പ്രീണിപ്പിക്കുന്നില്ല"- യോഗി ആദിത്യനാഥ് പറഞ്ഞു.
Adjust Story Font
16