സി.പി.എം സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നീട്ടിവെക്കും
ഫെബ്രുവരി 15ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി പുതിയ തിയ്യതി തീരുമാനിക്കും
സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെയും പാർട്ടി കോൺഗ്രസിന്‍റെയും തിയ്യതി നീട്ടും. ഫെബ്രുവരി 15ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി പുതിയ തിയ്യതി തീരുമാനിക്കും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
നേരത്തെ കോവിഡ് വ്യാപനത്തിനിടെ കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത് സര്‍ക്കാരിനെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഹൈക്കോടതി പോലും ഇടപെടുന്ന സാഹചര്യമുണ്ടായി. പാര്‍ട്ടി പരിപാടികള്‍ക്ക് എന്താണ് പ്രത്യേകത എന്നായിരുന്നു കോടതിയുടെ ചോദ്യം. പിന്നാലെ ഇരു സമ്മേളനങ്ങളും വെട്ടിച്ചുരുക്കി. ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെയ്ക്കുകയും ചെയ്തു. നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ മെഗാതിരുവാതിര സംഘടിപ്പിച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കി.
ടി.പി.ആര്‍ 50 ശതമാനത്തോട് അടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലകളെ കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. തിരുവനന്തപുരത്ത് തിയറ്ററുകളും ജിമ്മുകളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെയാണ് വലിയ തോതില്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നീട്ടിവെയ്ക്കാന്‍ സി.പി.എം തീരുമാനിച്ചത്.
Adjust Story Font
16