ലൈംഗികാരോപണം: പശ്ചിമബംഗാൾ മുൻ എംഎൽഎ തൻമയ് ഭട്ടാചാര്യയെ സസ്‌പെൻഡ് ചെയ്ത് സിപിഎം
ഭട്ടാചാര്യക്കെതിരെ മാധ്യമപ്രവർത്തക ബരാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി എടുത്തത്
തന്‍മയ് ഭട്ടാചാര്യ
കൊൽക്കത്ത: ലൈംഗികമായി പീഡിപിച്ചെന്ന വനിതാ മാധ്യമപ്രവർത്തകയുടെ പരാതിയെ തുടർന്ന് പശ്ചിമബംഗാൾ മുൻ എംഎൽഎ തൻമയ് ഭട്ടാചാര്യയെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത് സിപിഎം.
ഭട്ടാചാര്യക്കെതിരെ മാധ്യമപ്രവർത്തക ബരാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി എടുത്തത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് മാധ്യമപ്രവര്‍ത്തക തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
അഭിമുഖത്തിനായി ബരാനഗറിലെ ഭട്ടാചാര്യയുടെ വസതിയിൽ എത്തിയപ്പോഴാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് മാധ്യമപ്രവര്‍ത്തക ആരോപിക്കുന്നത്. കരിയറിലെ നാല് വർഷത്തിനിടയിൽ ഇത്തരമൊരു അനുഭവം നേരിട്ടിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു.
പാർട്ടിയുടെ ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം പൂർത്തിയാക്കുന്നതുവരെ ഭട്ടാചാര്യയെ സസ്‌പെൻഡ് ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അറിയിച്ചു. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് ഭട്ടാചാര്യ രംഗത്ത് എത്തി. അഭിമുഖത്തിനായി മാധ്യമപ്രവര്‍ത്തക നേരത്തെയും വന്നിരുന്നതായും ആരോപണങ്ങള്‍ കേട്ട് സ്തംഭിച്ചുപോയെന്നും ഭട്ടാചാര്യ വ്യക്തമാക്കി.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദം ഡം ഉത്തർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു ഭട്ടാചാര്യ നിയമസഭയിലെത്തിയിരുന്നത്.
എന്നാല്‍ ആരോപണം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. 'ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അതിനാലാണ് ഭട്ടാചാര്യയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നത്'- പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Adjust Story Font
16