ബംഗാളിലെ സഹകരണ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-സി.പി.എം സഖ്യമെന്ന് ആരോപണം
നന്ദകുമാർ ബ്ലോക്കിൽ ഉൾപ്പെടുന്ന ബറാംപുർ അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൂർബമേദിനിപൂർ ജില്ലയിലെ സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പി-സി.പി.എം സഖ്യമെന്ന് ആരോപണം. പശ്ചിമ 'ബംഗാൾ സമവായ് ബച്ചാവോ സമിതി' എന്ന പേരിലുണ്ടാക്കിയ സഖ്യമാണ് ആകെയുള്ള 63 സീറ്റും നേടിയത്. തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.
നന്ദകുമാർ ബ്ലോക്കിൽ ഉൾപ്പെടുന്ന ബറാംപുർ അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തൃണമൂൽ കോൺഗ്രസ് ആദ്യം മുഴുവൻ സീറ്റുകളിലേക്കും നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും പിന്നീട് 52 സീറ്റുകളിലെ പത്രികകൾ പിൻവലിച്ചു. ബാക്കിയുള്ള 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
സമോവായ് ബച്ചാവോ സമിതി തൃണമൂൽ കോൺഗ്രസിനെതിരെ പോരാടാൻ വേണ്ടി രൂപീകരിച്ച ഒരു സഖ്യമാണെന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ സെക്രട്ടറി അശോക് കുമാർ ദാസ് പറഞ്ഞു.
അതേസമയം സമാവോ ബച്ചാവോ സമിതി ബി.ജെ.പി-സി.പി.എം സഖ്യമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. 'ഇത്തരം കാര്യങ്ങൾ ഇടക്കിടെ സംഭവിക്കണം. ബി.ജെ.പിയും സി.പി.എമ്മും കൈകോർക്കുന്നുവെന്ന് തെളിയിക്കാൻ ഇത് ഞങ്ങളെ സഹായിക്കും'-തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകന്ദ മജുംദാർ വിജയികളെ അനുമോദിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിക്കാൻ സി.പി.എം ഇതുവരെ തയ്യാറായിട്ടില്ല.
Adjust Story Font
16