സി.പി.എം വോട്ട് ബി.ജെ.പിയിലേക്ക് ഒഴുകിയോ? ബാഗേപള്ളിയിൽ എന്തു സംഭവിച്ചു?
മൂന്നു തവണ ചെങ്കൊടി പാറിയ ബാഗേപള്ളിയിൽ തെരഞ്ഞെടുപ്പിനുമുൻപ് നടന്ന സി.പി.എം സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റിലും നേട്ടമുണ്ടാക്കാനാകാതെ സി.പി.എം. പാർട്ടിക്ക് കൂടുതൽ ശക്തിയുണ്ടായിരുന്ന ബാഗേപള്ളിയിൽ വൻ തിരിച്ചടിയുമേറ്റിരിക്കുകയാണ്. ബാഗേപള്ളിയിൽ സി.പി.എം സ്ഥാനാർത്ഥി ഡോ. എ അനിൽകുമാറിന്റെ പ്രചാരണത്തിന് പ്രമുഖ നേതാക്കൾ തന്നെ എത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇവിടെ നടന്ന പതിനായിരങ്ങൾ പങ്കെടുത്ത സി.പി.എം റാലി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
2018ൽ കോൺഗ്രസിന്റെ എസ്.എൻ സുബ്ബറെഡ്ഡിയാണ് ഇവിടെ ജയിച്ചത്. അന്ന് രണ്ടാം സ്ഥാനത്തെത്തിയത് സി.പി.എം സ്ഥാനാർത്ഥി ജി.വി ശ്രീരാമറെഡ്ഡിയായിരുന്നു. കോൺഗ്രസിന് 65,710 വോട്ട് ലഭിച്ചപ്പോൾ ശ്രീരാമറെഡ്ഡി 51,697 വോട്ടുമായി തൊട്ടുപിന്നിലുമുണ്ടായിരുന്നു. അന്നു ബി.ജെ.പി സ്ഥാനാർത്ഥി സായ്കുമാർ പി.യ്ക്ക് വെറും 4,140 വോട്ടാണ് ലഭിച്ചത്. ജെ.ഡി.എസിന്റെ ഡോ. സി.ആർ മനോഹറിനും ഏറെ പിറകിൽ നാലാം സ്ഥാനത്തായിരുന്നു ബി.ജെ.പി.
എന്നാൽ, ഇത്തവണ സി.പി.എം വോട്ട് 19,403ലേക്ക് കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഡോ. എ. അനിൽകുമാറായിരുന്നു സി.പി.എം സ്ഥാനാർത്ഥി. 81,383 വോട്ട് നേടി കോൺഗ്രസിന്റെ എസ്.എൻ സുബ്ബറെഡ്ഡി ഭൂരിപക്ഷം കൂട്ടി മണ്ഡലം നിലനിർത്തിയപ്പോൾ കഴിഞ്ഞ തവണ വെറും നാലായിരം വോട്ടുമായി നാലാം സ്ഥാനത്തുണ്ടായിരുന്ന ബി.ജെ.പി വൻ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. ബി.ജെ.പിയുടെ സി. മുനിരാജു 62,225 വോട്ട് നേടി രണ്ടാം സ്ഥാനത്തേക്കാണ് കുതിച്ചത്. എന്നാൽ, ജെ.ഡി.എസ് പിന്തുണയുണ്ടായിട്ടും സി.പി.എം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.
സി.പി.എം ചിക്കബല്ലാപുര ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഡോ. അനിൽകുമാർ. ഇതിനുമുൻപ് മൂന്നു തവണ സി.പി.എം ജയിച്ചുവന്ന മണ്ഡലമാണ് ബാഗേപള്ളി. 1983, 1994, 2004 തെരഞ്ഞെടുപ്പുകളിലാണ് മണ്ഡലത്തിൽ ചെങ്കൊടി പാറിയത്.
ബാഗേപള്ളിക്കു പുറമെ മറ്റ് മൂന്ന് സീറ്റിലും സി.പി.എം മത്സരിച്ചിരുന്നു. ഗുൽബർഗ റൂറൽ, കെ.ആർ പുരം, കെ.ജി.എഫ് മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാർത്ഥികൾ ജനവിധി തേടിയത്. കെ.ആർ പുരയിൽ സി.പി.എം നോട്ടയ്ക്കും പിറകിൽ നാലാം സ്ഥാനത്താണ്. കെ.ജി.എഫിൽ ആകെ ആയിരം വോട്ടാണ് നേടാനായത്. ഗുൽബർഗയിൽ 821 വോട്ടും ലഭിച്ചു.
Summary: CPM fails to regain Bagepalli despite JD(S) support, loses vote share heavily
Adjust Story Font
16