Quantcast

രാജ്യദ്രോഹ വകുപ്പുകൾ റദ്ദാക്കണം; സ്വകാര്യ ബിൽ എളമരം കരിം ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും

സ൪ക്കാരിന് അനിഷ്ടകരമായത് പറയുന്ന ഏതൊരാളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന രീതിയാണ് കേന്ദ്രത്തിന്‍റേത്

MediaOne Logo

Web Desk

  • Updated:

    2021-08-06 01:46:11.0

Published:

6 Aug 2021 1:19 AM GMT

രാജ്യദ്രോഹ വകുപ്പുകൾ റദ്ദാക്കണം; സ്വകാര്യ ബിൽ എളമരം കരിം ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
X

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്നും രാജ്യദ്രോഹ വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ എളമരം കരിം എം.പി ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. സ൪ക്കാരിന് അനിഷ്ടകരമായത് പറയുന്ന ഏതൊരാളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന രീതിയാണ് കേന്ദ്രത്തിന്‍റേത്. ഇത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും എം.പി വ്യക്തമാക്കി.

ഹാഥ്റസ് സംഭവം റിപ്പോ൪ട്ട് ചെയ്ത മാധ്യമപ്രവ൪ത്തകൻ സിദ്ധീഖ് കാപ്പൻ, ഭീമ കൊറഗാവ് കേസിലുൾപ്പെട്ട ആക്ടിവിസ്റ്റുകളും അക്കാദമിക് വിദഗ്ധരും ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച ആയിശ സുൽത്താന എന്നിവരെല്ലാം അകാരണമായി രാജ്യദ്രോഹകുറ്റം ചുമത്തുന്ന കേന്ദ്ര നടപടിക്കിരയായവരാണ്. സ൪ക്കാറിന് വിഷമം ഉണ്ടാക്കുന്ന അഭിപ്രായം പറയുന്നവരെല്ലാം ഇത്തരത്തിൽ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബില്ല് അവതരിപ്പിക്കുന്നതെന്ന് സി.പി.എം രാജ്യസഭ എം.പി എളമരം കരീം പറഞ്ഞു.

ഇന്ത്യൻ ജനാധിപധ്യത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്തതാണ് രാജ്യദ്രോഹ വകുപ്പ്. സംസാരിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഈ വകുപ്പുകളെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. രാജ്യദ്രോഹ വകുപ്പ് വേണോ എന്നതിൽ സുപ്രിം കോടതി പോലും ചോദ്യം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് എളമരം കരീം ഇന്ന് സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നത്. ഇതിന് പുറമെ തൊഴിലാളി വിരുദ്ധമായ തൊഴിൽ കോഡുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലും എളമരം കരീം ഇന്ന് സഭയിൽ അവതരിപ്പിക്കും.



TAGS :

Next Story