രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ
ഭാരത് ജോഡോ യാത്രയ്ക്ക് നിലപാടും നയവും ഇല്ലെന്ന വിമർശനവുമായി സംസ്ഥാന സിപിഎം നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു
ന്യൂഡൽഹി: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടന്ന് സി.പി.എം പൊളിറ്റ് ബ്യൂറോയിൽ പൊതുവികാരം. യാത്ര പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും യോഗം വിലയിരുത്തി. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ സ്വയം ശക്തിപ്പെടണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഭാരത് ജോഡോ യാത്രയ്ക്ക് നിലപാടും നയവും ഇല്ലെന്ന വിമർശനവുമായി സംസ്ഥാന സിപിഎം നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് വിരുദ്ധമായാണ് കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായം. ബിജെപിയെ പ്രതിരോധിക്കാൻ ജാഥയ്ക്ക് കഴിയുന്നില്ലെന്നും ബിജെപി ഭിന്നിപ്പിച്ച ഗുജറാത്തിനെ ഒഴിവാക്കിക്കൊണ്ട് എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ ചോദിച്ചു. ജാഥയിലൂടെ കോൺഗ്രസ് ഉയർത്തുന്ന മുദ്രാവാക്യങ്ങൾ ആത്മാർഥതയില്ലാത്തതാണെന്നും വിമർശനം ഉന്നയിച്ചു.
തീവ്ര ഹിന്ദുത്വത്തെ പരാജയപ്പെടുത്താൻ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ല. അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയും കോൺഗ്രസ് ഇതു പഠിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ എന്തുകൊണ്ടാണ് കോൺഗ്രസ് സജീവ സാന്നിധ്യമാകാതിരുന്നത്. ഭരണഘടനയിലെ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നും സിപിഎം ചോദിച്ചു.
ഓരോ ദിവസവും പ്രവർത്തകസമിതി അംഗങ്ങൾ വരെ പാർട്ടി വിടുകയാണെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തമായ സാന്നിധ്യമായി ഈ വന്ദ്യവയോധിക കക്ഷി മാറിയിരിക്കുന്നു. പ്രതിപക്ഷ പാർടികൾ പോലും കോൺഗ്രസിനെ ഒരു ബാധ്യതയായിട്ടാണ് കാണുന്നതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ബിജെപിയെ എതിർക്കാനാണ് യാത്രയെങ്കിൽ അത് കേരളത്തിലൂടെയല്ല നടത്തേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി കുറ്റപ്പെടുത്തി.
അതിനിടെ, ഗുജറാത്തിൽ യാത്ര എത്തണമെങ്കിൽ 90 ദിവസം എടുക്കുമെന്നും അത് കൊണ്ടാണ് അവിടേക്കുള്ള യാത്ര ഒഴിവാക്കിയതെന്നും മുതിർന്ന കോൺഗ്ര്‌സ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. അടുത്തവർഷം ഗുജറാത്തിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് യാത്ര നടത്തുമെന്നും കോൺഗ്രസ് മറുപടി നൽകി. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ പിന്തുണച്ചതും കെ റെയിൽ സമരസമിതി നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തയിതിനും പിന്നാലെയാണ് കടുത്ത വിമർശനങ്ങളുമായി സിപിഎം രംഗത്ത് വന്നിരുന്നത്.
CPM Polit Bureau will not oppose Bharat Jodo Yatra led by Rahul Gandhi
Adjust Story Font
16