ഗവർണറെ രാഷ്ട്രപതി ശിപാർശ ചെയ്യുന്ന രീതി മാറണം; ഭരണഘടനാ ഭേദഗതി നിർദേശിച്ച് സിപിഎം
ഗവർണർ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം ഉയർത്തുന്ന വിമർശനങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനും അത് ചർച്ചയാക്കാനും ലക്ഷ്യമിടുന്നതാണ് ബില്ല്.
ന്യൂഡൽഹി: ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് രാജ്യസഭയിൽ സിപിഎമ്മിന്റെ സ്വകാര്യബിൽ. ഗവർണർമാരെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നാണ് ബില്ലിലെ ആവശ്യം. വി. ശിവദാസൻ നൽകിയ സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചു. എംഎൽഎമാർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തിരഞ്ഞെടുക്കണമെന്നാണ് ഭേദഗതി നിർദേശം.
ഗവർണർ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം ഉയർത്തുന്ന വിമർശനങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനും അത് ചർച്ചയാക്കാനും ലക്ഷ്യമിടുന്നതാണ് ബില്ല്. മൂന്ന് പ്രധാന നിർദേശങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യണമെന്നാണ് നിർദേശം.
ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളുടെ അധികാരം ഒരു ഗവർണർക്ക് നൽകരുതെന്നും നിർദേശമുണ്ട്. കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തണമെന്നും ആവശ്യമെങ്കിൽ നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെ ഗവർണറെ പുറത്താക്കാൻ സാധിക്കണമെന്നും ബില്ലിൽ നിർദേശിക്കുന്നു.
Adjust Story Font
16