സിൽവർ ലൈൻ അനുമതി; വിഷയം പാർലമെന്റിൽ ഉന്നയിച്ച് സി.പി.എം
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായ പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്ന് എളമരം കരീം ഉന്നയിച്ചു
സിൽവർലൈൻ രാജ്യസഭയിൽ ഉന്നയിച്ച് സിപിഐഎം. കേരളത്തിന്റെ വികസന പദ്ധതിയാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായ പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്നും ശൂന്യ വേളയിൽ എളമരം കരീം ഉന്നയിച്ചു. എന്നാൽ ഇതിനെ കോൺഗ്രസ് എംപി കെസി വേണുഗോപാൽ എതിർത്തു.
പദ്ധതിക്കായി കോർപ്പറേഷൻ രൂപീകരിച്ചതല്ലാതെ ഒന്നിലും ധാരണയില്ലെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്. ഇത് ഉയർത്തിക്കാണിച്ചാണ് ബിജെപിയും കോൺഗ്രസും പദ്ധതിക്കെതിരെ പ്രചരണം ശക്തമാക്കുന്നത്. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണോവാണ് കേന്ദ്രനിലപാട് വ്യക്തമാക്കിയത്.
'സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്'. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്.
Adjust Story Font
16