ജോഷിമഠിൽ വിള്ളൽ കണ്ടെത്തിയത് ആകെ 863 കെട്ടിടങ്ങളിൽ
181 കെട്ടിടങ്ങൾ സുരക്ഷിതമല്ലാത്ത മേഖലയിലാണെന്നു ജില്ല ഭരണകൂടം
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസത്തിൽ വിള്ളലുകൾ കണ്ടെത്തിയ ആകെ കെട്ടിടങ്ങളുടെ എണ്ണം 863 ആണെന്ന് അധികൃതർ. ഇതിൽ 181 കെട്ടിടങ്ങൾ സുരക്ഷിതമല്ലാത്ത മേഖലയിലാണെന്നും ജില്ല ഭരണകൂടം അറിയിച്ചു. വിള്ളലുണ്ടായ കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടികൾ നേരത്തെ തുടങ്ങിയിരുന്നു. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സി.ബി.ആർ.ഐ) ഒരു സംഘത്തിന്റെ മേൽനോട്ടത്തിലാണ് കെട്ടിടങ്ങൾ പൊളിച്ചിരുന്നത്. അവരെ സഹായിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയെ (എൻ.ഡി.ആർ.എഫ്) വിളിച്ചിരുന്നു. നാലായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ജോഷിമഠിനെ അപകട മേഖല, ബഫർ സോൺ, പൂർണമായും സുരക്ഷിത മേഖല എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ജോഷിമഠിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. സമീപ പ്രദേശങ്ങളിൽ ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. പ്രദേശത്തെ 30 ശതമാനം പേരെ ദുരിതം ബാധിച്ചു. വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും ചമോലി ജില്ലാ കലക്റ്റർ ഹിമാൻഷു ഖുറാന പറഞ്ഞു.
ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെയുള്ള ആസൂത്രിതമല്ലാത്ത അടിസ്ഥാന സൗകര്യ വികസനമാണ് ജോഷിമഠിലെ ആശങ്കാജനകമായ സാഹചര്യത്തിന് കാരണമെന്ന് വിദഗ്ധർ കുറ്റപ്പെടുത്തുന്നു. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി) പദ്ധതിയുടെ തുരങ്കങ്ങളിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം മൂന്ന് തവണ കത്തയച്ചതായി പ്രദേശവാസികൾ പറയുന്നു. അതേസമയം ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തിൽ വിശദീകരണവുമായി നാഷണൽ തെർമൽ പവർ കോർപറേഷൻ രംഗത്ത് വന്നു. ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള തുരങ്കം ജോഷിമഠത്തിലൂടെ കടന്നുപോകുന്നില്ലെന്നും തുരങ്കത്തിന്റെ നിർമ്മാണം മൂലം ഭൂമിയിടിയാൻ സാധ്യതയില്ലെന്നും എൻ.ടി.പി.സി വിശദീകരിച്ചു.
ജോഷിമഠിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള തുരങ്കത്തിനാണ് സ്‌ഫോടനം നടത്തുന്നത്. 12 കിലോമീറ്റർ തുരങ്കത്തിന് നാല് കിലോമീറ്റർ മാത്രമാണ് സ്‌ഫോടനം നടത്തുന്നതെന്നും എൻ.ടി.പി.സി ചീഫ് ജനറൽ മാനേജർ ആർ.പി അഹിർവാർ പറഞ്ഞു.ബാക്കിയുള്ള സ്ഥലങ്ങളിലൊവിവപമ സ്ഫോടനം നടത്താതെയാണ് തുരങ്കം നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ പ്രദേശവാസികളുടെ ആരോപണങ്ങളൊന്നും നിലനിൽക്കില്ലെന്നും ഇത് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ജനറൽ മാനേജർ വ്യക്തമാക്കി. വിള്ളലുകളുടെ പ്രധാന കാരണം എൻ.ടി.പി.സിയുടെ തുരങ്ക നിർമ്മാണമാണെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം. ഈ ആരോപണം പുറത്തുവന്നപ്പോൾ തന്നെ എൻ.ടി.പി.സി ഇതെല്ലാം നിഷേധിച്ചിരുന്നു.
അതേസമയം, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയോഗിച്ച സമിതികളോട് എത്രയും വേഗം ഇതിന്റെ പഠന റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. പരമാവധി പത്ത് ദിവസത്തിനകം തന്നെ റിപ്പോർട്ട് നൽകാനാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. ജോഷിമഠിന്റെ സമീപപ്രദേശങ്ങളിലെയും നിർമ്മാണ പ്രവർത്തനങ്ങളെല്ലാംസംസ്ഥാന സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്.
Cracks were found in a total of 863 buildings in Joshimath
Adjust Story Font
16