തൊഴിലവസരങ്ങൾ സൃഷ്ടിക്കുക,സ്ത്രീ സുരക്ഷ ഉറപ്പാക്കുക; ത്രിപുരയിൽ സിപിഐ(എം) - കോൺഗ്രസ് സംയുക്ത റാലി
സംസ്ഥാനവ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് പ്രതിഷേധ മാർച്ച്
അഗർത്തല: രാജ്യത്ത് പാർലമെൻ്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധം നടത്തി ഇൻഡ‍്യ സഖ്യകക്ഷികളായ സിപിഐ(എം)-ഉം കോൺഗ്രസും. തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ തുടങ്ങി നിരവധി വിഷയങ്ങൾ ഉയർത്തി കാണിച്ചാണ് ഇരു പാർട്ടികളുടെയും നേതൃത്വത്തിൽ ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ പ്രതിഷേധ മാർച്ച് നടത്തിയത്.
ഇരു വിഭാഗങ്ങളുടെയും നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സംസ്ഥാനവ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് മാർച്ച് നടത്തിയത്. മെയ് 13 ന് ആരംഭിച്ച മാർച്ച് 18 വരെ നീണ്ടുനിൽക്കും. സിപിഐ(എം) ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനും ത്രിപുര നഗര തൊഴിലുറപ്പ് പദ്ധതിക്കും കീഴിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക, തൊഴിലാളികൾക്ക് മുടങ്ങിക്കിടക്കുന്ന വേതനം നൽകുക തുടങ്ങിയ ജനപക്ഷ നടപടികൾ ആവശ്യപ്പെട്ടാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ത്രിപുരയിലെ ഗ്രാമീണ മേഖലകളിൽ പട്ടിണി രൂക്ഷമാണ്. സംസ്ഥാനത്ത് ഇന്ധന പ്രതിസന്ധി മുൻ റെക്കോർഡുകൾ മറികടന്നു. ഈ വിഷയങ്ങളും മാർച്ചിൽ ഉയർത്തികാണിക്കുന്നുണ്ട്.
അടുത്തിടെയുണ്ടായ കൊടുങ്കാറ്റിൽ നിരവധി വൈദ്യുത തൂണുകൾ പൂർണ്ണമായും തകർന്ന് ഒരാഴ്ച പിന്നിട്ടിട്ടും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നും ചൗധരി പറഞ്ഞു.
അതേസമയം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയവർക്കെതിരെ പൊലീസ് ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ത്രിപുര പ്രദേശ് മഹിളാ കോൺഗ്രസ് വെസ്റ്റ് അഗർത്തല വനിതാ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പൊലീസ് സ്റ്റേഷൻ ഉപരോധം.
ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു. കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് ത്രിപുര പ്രദേശ് മഹിളാ കോൺഗ്രസ് നേതാവ് ശ്രേയസി ലാസ്കർ ആരോപിച്ചു.
Adjust Story Font
16