കെഡ്രിറ്റ് കാർഡ് വ്യവസ്ഥകളിൽ മാറ്റം; ഒക്ടോബർ ഒന്ന് വരെ സമയം അനുവദിച്ച് റിസർവ് ബാങ്ക്
കാർഡ് ഉടമകളിൽ നിന്ന് ബാങ്കുകളും വിവിധ ധനകാര്യസ്ഥാപനങ്ങളും ഒടിപിയെ അടിസ്ഥാനമാക്കി സമ്മതം വാങ്ങണമെന്ന വ്യവസ്ഥയാണ് സാവകാശം നൽകിയതിൽ പ്രധാനം
ഡൽഹി: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ നടപ്പാക്കുന്നതിന് സമയം അനുവദിച്ച് റിസർവ് ബാങ്ക്. കാർഡ് ഇടപാടുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് പുതിയ ചട്ടം നിലവിൽ വരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചിരുന്നു.
ചട്ടം പ്രാബല്യത്തിൽ വരുത്തുന്നതിന് സാവകാശം തേടി ബാങ്ക് ഉൾപ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ റിസർവ് ബാങ്കിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒന്നുവരെ സമയം അനുവദിച്ചിരിക്കുകയാണ് റിസർവ് ബാങ്ക്.
കാർഡ് ഉടമകളിൽ നിന്ന് ബാങ്കുകളും വിവിധ ധനകാര്യസ്ഥാപനങ്ങളും ഒടിപിയെ അടിസ്ഥാനമാക്കി സമ്മതം വാങ്ങണമെന്ന വ്യവസ്ഥയാണ് സാവകാശം നൽകിയതിൽ പ്രധാനം. ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വ്യവസ്ഥ റിസർവ് ബാങ്ക് കൊണ്ടുവന്നത്.
ക്രെഡിറ്റ് കാർഡ് അനുവദിച്ച് 30 ദിവസം കഴിഞ്ഞിട്ടും കാർഡ് ഉടമ ഇത് ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ ഒടിപി അടിസ്ഥാനമാക്കി കാർഡ് ഉടമയിൽ നിന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സമ്മതം വാങ്ങണമെന്നതാണ് പുതിയ വ്യവസ്ഥയുടെ ഉള്ളടക്കം. ഇത് ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരുന്നത്.
ഇതിൽ അടക്കം സാവകാശം തേടിയാണ് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ റിസർവ് ബാങ്കിനെ സമീപിച്ചത്. ഇത് നടപ്പാക്കുന്നത് ഒക്ടോബർ ഒന്നുവരെ നീട്ടിയാണ് റിസർവ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചത്. കാർഡുടമയുടെ സമ്മതമില്ലാതെ ക്രെഡിറ്റ് പരിധിയിൽ മാറ്റം വരുത്താൻ പാടില്ല. ഈ വ്യവസ്ഥ നടപ്പാക്കുന്നതിനും സാവകാശം അനുവദിച്ചിട്ടുണ്ട്.
Adjust Story Font
16