നദിയില്‍ കുളിക്കാനിറങ്ങിയ പത്തു വയസുകാരനെ മുതല കടിച്ചുകൊന്നു; മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍
ബ്രാഹ്മണി നദിയിൽ കുളിക്കാനിറങ്ങിയ അശുതോഷിന്‍റെ മേല്‍ മുതല ചാടിവീഴുകയായിരുന്നു
പ്രതീകാത്മക ചിത്രം
ഭുവനേശ്വര്‍: ഒഡിഷയിലെ കേന്ദ്രപാര ജില്ലയിൽ 10 വയസുകാരനെ മുതല കടിച്ചുകൊന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അശുതോഷ് ആചാര്യയാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ബുധനാഴ്ചയാണ് സംഭവം. ഭിതാർകനിക ദേശീയ ഉദ്യാനത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള നിമാപൂർ ഗ്രാമത്തിലെ ബ്രാഹ്മണി നദിയിൽ കുളിക്കാനിറങ്ങിയ അശുതോഷിന്‍റെ മേല്‍ മുതല ചാടിവീഴുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ പകുതി ഭക്ഷിച്ച മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.ഉപ്പുവെള്ള മുതലകള്‍ മുട്ടയിടുന്ന കാലമാണിതെന്നും ഈ സമയത്ത് അവയുടെ ആവാസവ്യവസ്ഥയിൽ എന്തെങ്കിലും ഇടപെടൽ ഉണ്ടാകുമോ എന്ന് ഭയപ്പെട്ടാൽ അവ അക്രമാസക്തമാകുമെന്ന് രാജ്‌നഗർ കണ്ടൽ (വന്യജീവി) ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.കുട്ടിയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ സഹായധനം നൽകുമെന്നും അവർ അറിയിച്ചു.ഭിതാർകനിക ദേശീയ ഉദ്യാനവും അതിനോട് ചേർന്നുള്ള മഹാനദി ഡെൽറ്റൈക്ക് പ്രദേശവും 1,793 ഉപ്പുവെള്ള മുതലകളുടെ ആവാസ കേന്ദ്രമാണെന്നും ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈയിടെ ബിഹാറിലും പത്തു വയസുകാരനെ മുതല കടിച്ചുകൊന്നിരുന്നു. വൈശാലി ജില്ലയിലെ രാഘോപൂർ ദിയാര ദ്വീപിലെ ഖൽസ ഘട്ടിലാണ് സംഭവം. വലയില്‍ കുടുങ്ങിയ മുതലയെ നാട്ടുകാര്‍ വടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
Adjust Story Font
16