Quantcast

പ്രതി ബി.ജെ.പി നേതാവ്, പൊലീസ് രക്ഷിക്കാൻ ശ്രമിക്കുന്നു; ഡൽഹിയിൽ 20കാരിയെ കൊന്ന സംഭവത്തിൽ എഎപി നേതാവ്

കുറ്റവാളികളെ സംരക്ഷിക്കാൻ പ്രതികൾക്കെതിരെ ദുർബലമായ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

MediaOne Logo

Web Desk

  • Published:

    2 Jan 2023 9:49 AM GMT

പ്രതി ബി.ജെ.പി നേതാവ്, പൊലീസ് രക്ഷിക്കാൻ ശ്രമിക്കുന്നു; ഡൽഹിയിൽ 20കാരിയെ കൊന്ന സംഭവത്തിൽ എഎപി നേതാവ്
X

ഡൽഹി: ഡൽഹി 20കാരിയെ പുതുവത്സരാഘോഷത്തിനിടെ കാറിടിച്ചു കൊന്ന ശേഷം 12 കി.മീറ്റർ ദൂരം വാഹനത്തിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതികളിലൊരാൾ ബി.ജെ.പി നേതാവാണെന്നും പൊലീസ് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതായും എഎപി നേതാവ്. പിടിയിലായ പ്രതികളിലൊരാളായ മനോജ് മിത്തൽ ബി.ജെ.പി നേതാവാണെന്ന് ആം ആദ്മി പാർട്ടി വക്താവ് സുരഭ് ഭരദ്വാജ് വ്യക്തമാക്കി.

യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കാമെന്നും ഭരദ്വാജ് പറഞ്ഞു. ഡൽഹി പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത് അലസ മനോഭാവത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തമായ ഒത്തുകളി ആണെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ പ്രതികൾക്കെതിരെ ദുർബലമായ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയെ രൂക്ഷമായി വിമർശിച്ച ഭരദ്വാജ്, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹം ബോട്ട് സവാരി ആസ്വദിക്കുന്ന തിരക്കിലാണെന്നും ആരോപിച്ചു. ലെഫ്റ്റനന്റ് ​ഗവർണർ ഗൗരവത്തിലായിരുന്നെങ്കിൽ അദ്ദേഹം ഇന്നലെ തന്നെ നടപടി എടുക്കുമായിരുന്നു എന്നും എഎപി നേതാവ് പറഞ്ഞു.

സക്‌സേനയുടെ അലസമായ മനോഭാവവും ഡൽഹി പൊലീസിന്റെ രാഷ്ട്രീയവൽക്കരണവും കൊണ്ട് അവർ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനോജ് മിത്തൽ (27), ദീപക് ഖന്ന (26), അമിത് ഖന്ന (25), ക്രിഷൻ (27), മിഥുൻ (26) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടിയെ കാറിടിച്ച് കൊന്ന ശേഷം സുൽത്താൻപുരി മുതൽ കാഞ്ജവാല വരെയാണ് കാറിൽ കെട്ടിവലിച്ചത്. എന്നാൽ തങ്ങളുടെ കാറിൽ യുവതിയുടെ ബൈക്ക് വന്നിടിക്കുകയായിരുന്നുവെന്നാണ് സംഘം പൊലീസിനോട് പറഞ്ഞത്. മൃതദേഹം കാറിന്റെ പിന്നിൽ ഉടക്കിക്കിടന്ന വിവരം വിവരം അറിഞ്ഞിരുന്നില്ലെന്നും ഇവർ വാദിച്ചു.

എന്നാൽ പ്രദേശത്തു നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ കാഞ്ജവാല മേഖലയിൽ യു-ടേൺ ചെയ്യുന്ന കാറിനടിയിൽ സ്ത്രീയുടെ മൃതദേഹം ദൃശ്യമാണ്. അതേസമയം, അപകടസമയത്ത് മദ്യലഹരിയിലായിരുന്നോ എന്ന് പരിശോധിക്കാൻ കാർ പിടിച്ചെടുത്തെന്നും ഇവരുടെ സാമ്പിളുകൾ എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അവർ അറിയിച്ചു.

ഇന്നലെ പുലർച്ചെ ഡൽഹി സുൽത്താൻപുരിയിലായിരുന്നു മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. അമൻ വിഹാർ സ്വദേശിയായ യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയിൽ കാറിടിച്ച് കൊലപ്പെടുത്തുകയായിരന്നു അക്രമിസംഘം. തുടർന്ന് ശരീരം കാറിന്റെ പിൻഭാഗത്ത് കെട്ടിയിട്ട് മണിക്കൂറുകളാണ് റോഡിലൂടെ വലിച്ചിഴച്ചത്. ഒടുവിൽ മൃതദേഹം റോട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

അതേസമയം, മകളെ സംഘം ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. 'വസ്ത്രം പൂർണമായി കീറിപ്പറിഞ്ഞ സ്ഥിതിയിലായിരുന്നു. അവളെ കണ്ടെത്തുമ്പോൾ പൂർണ നഗ്നയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണം'- പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. 20കാരിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മയും നാലു സഹോദരിമാരും രണ്ട് സഹോദരങ്ങളുമാണ് പെൺകുട്ടിക്കുള്ളത്.

TAGS :

Next Story