കടൽക്ഷോഭം രൂക്ഷം, ഗ്രാമങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു; ബിപോർജോയ് ഭീതിയിൽ ഗുജറാത്ത്
ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് ഗുജറാത്ത് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം
ഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഭീതിയിൽ ഗുജറാത്തിൽ 74343 പേരെ മാറ്റിപ്പാർപ്പിച്ചു. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്. മാണ്ഡവിയിൽ കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് ഗുജറാത്ത് തീരം തൊടുമെന്നാണ് റിപ്പോർട്ട്.
15 എൻഡിആർഎഫ് സംഘത്തെയും 12 എസ്‌ഡിആർഎഫ് സംഘത്തെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 24 ഗ്രാമങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. 76 ട്രെയിനുകളും റദ്ദാക്കി.
മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഗുജറാത്തിലെ കച്ച്, ദ്വാരക, ജാംനഗർ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും അടച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികള്‍ സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാത്തിന് പുറമെ മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
Adjust Story Font
16