ടി-20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ’അല്ലാഹുവിന് നന്ദി’യെന്ന് ട്വീറ്റ്; മുഹമ്മദ് സിറാജിനെതിരെ ഹിന്ദുത്വ സൈബർ ആക്രമണം
ലോകകപ്പ് ഉയർത്തി ടീമംഗങ്ങൾ വിജയമാഘോഷിക്കുന്ന ചിത്രമാണ് സിറാജ് ട്വീറ്റ് ചെയ്തത്.
ന്യൂഡൽഹി: ട്വന്റി 20 ഫൈനലിൽ ഇന്ത്യൻ ടീമിന്റെ കിരീടനേട്ടത്തിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ഇട്ട ട്വീറ്റിന് പിന്നാലെ പേസർ മുഹമ്മദ് സിറാജിനെതിരെ ഹിന്ദുത്വ സൈബർ ആക്രമണം. എക്സിൽ 'സർവശക്തനായ അല്ലാഹുവിന് നന്ദിയെന്ന് പോസ്റ്റിട്ടതിനു പിന്നാലെയാണ് സ്ക്വാഡ് അംഗമായ സിറാജിന് നേരെ എക്സിൽ വ്യാപക വിദ്വേഷ ആക്രമണം നടക്കുന്നത്.
ലോകകപ്പ് ഉയർത്തി ടീമംഗങ്ങൾ വിജയമാഘോഷിക്കുന്ന ചിത്രമാണ് സിറാജ് ട്വീറ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 2.59നായിരുന്നു ട്വീറ്റ്. പിന്നാലെ ഇതിനെതിരെ വിദ്വേഷ ട്വീറ്റുകൾ ആരംഭിച്ചു. നിരവധി തീവ്ര ഹിന്ദുത്വ എക്സ് ഹാൻഡിലുകളാണ് സൈബർ ആക്രമണവുമായി രംഗത്തെത്തിയിരിക്കുന്നത്.
'അല്ലാഹു സർവശക്തനാണെങ്കിൽ എന്തുകൊണ്ട് പാകിസ്താനും അഫ്ഗാനിസ്താനും ബംഗ്ലാദേശും വിജയിച്ചില്ല' എന്നും 'മത്സരം ജയിച്ച 11 താരങ്ങൾക്ക് നന്ദി പറയുന്നതിന് പകരം അല്ലാഹുവിനാണോ നന്ദി പറയുന്നത്' എന്നുമാണ് ഹിന്ദുത്വവാദിയായ ആക്ടിവിസ്റ്റ് ചന്ദൻ ശർമയുടെ ചോദ്യം.
മുഹമ്മദ് അസ്ഹറുദ്ദീൻ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്നാൽ വിരമിച്ച ഉടൻ കോൺഗ്രസിൽ ചേർന്നു. യൂസഫ് പത്താനും ക്രിക്കറ്റ് കളിക്കാരനായിരുന്നു. എന്നാൽ വിരമിച്ച ഉടൻ ടിഎംസിയിൽ ചേർന്നു. അപ്പോൾപ്പിന്നെ മുഹമ്മദ് സിറാജ് നമ്മുടെ സ്വന്തമാണെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും?- ശർമ പറയുന്നു.
പാർലമെൻ്റ് മന്ദിരത്തിൽ ജയ് ഫലസ്തീൻ, അല്ലാഹു അക്ബർ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയ ഒവൈസിയും വിജയത്തിൻ്റെ ക്രെഡിറ്റ് അല്ലാഹുവിന് നൽകുന്ന മുഹമ്മദ് സിറാജും കൂറ് കാണിക്കുന്നത് തൻ്റെ മതത്തോടാണെന്ന് വ്യക്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഭഗവാൻ ശ്രീരാമനാണ് സർവശക്തൻ. ശ്രീരാമന്റെ അനുഗ്രഹത്താൽ ഇന്ത്യ മത്സരം വിജയിച്ചു. ശ്രീരാമനേക്കാൾ വലിയ മറ്റാരുമില്ല. ജയ് ശ്രീറാം- ട്വീറ്റിൽ പറയുന്നു.
'ഇത് ടീം ഇന്ത്യയുടെ വിജയമാണ്, അല്ലാഹുവിന്റേതല്ല' എന്നാണ് ഇയാളുടെ മറ്റൊരു ട്വീറ്റ്. 'ഇത് ക്യാപ്റ്റൻ രോഹിത് ശർമയുടെ വിജയമാണ്, ഇത് ടീമിലെ 11 പേരുടെയും വിജയമാണ്, ഇത് ഇന്ത്യയിലെ 1.1 ബില്യൺ ദേശീയ പൗരന്മാരുടെ വിജയമാണ്. എന്തിനാണ് എല്ലാം ഇസ്‌ലാമുമായി ബന്ധിപ്പിക്കുന്നത്?’- ട്വീറ്റിൽ ചോദിക്കുന്നു.
’അല്ലാഹുവാണ് ഇത് ചെയ്തതെങ്കിൽ ഇന്ത്യയല്ല പാകിസ്താൻ ലോകകപ്പ് നേടുമായിരുന്നു’- എന്നാണ് ഹിന്ദു വിസ്ഡം എന്ന ഹാൻഡിലിൽ നിന്നുള്ള വിദ്വേഷ ട്വീറ്റ്. ’ലോകകപ്പ് നേടാൻ ഇന്ത്യയെ സഹായിക്കാൻ അല്ലാഹു ഉണ്ടായിരുന്നില്ല. ഒരൊറ്റ മുസ്‌ലിം കളിക്കാരുമില്ലാതെ ഇന്ത്യ ലോകകപ്പ് നേടി!’- എന്നാണ് കളർ സാഫ്രോൺ എന്ന എക്സ് ഹാൻഡിലിൽ നിന്നുള്ള ട്വീറ്റ്.
ശനിയാഴ്ച രാത്രിയാണ്, ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ട്വന്റി 20 കിരീടത്തിൽ മുത്തമിട്ടത്. 2007ന് ശേഷം മറ്റൊരു ടി-20 കിരീടം. 2011ലെ ഏകദിന ലോകകപ്പിന് ശേഷമുള്ള ഐ.സി.സി കിരീട വരൾച്ചയ്ക്കും ഇതോടെ അറുതിയായി. ബാർബഡോസിൽ നടന്ന കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്താണ് രോഹിത് ശർമയും സംഘവും കപ്പുയർത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ കോഹ്‌ലി 59 പന്തിൽ 76 റൺസാണ് അടിച്ചത്.
Adjust Story Font
16