Quantcast

തെലുങ്ക് നിര്‍മാതാവ് കെ.പി ചൗധരി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

രാജേന്ദ്രനഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയിൽ നിന്ന് പുറത്തേക്കു പോകുമ്പോഴാണ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം ചൗധരിയെ പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    14 Jun 2023 6:43 AM GMT

KP Choudhary
X

കെ.പി ചൗധരി

ഹൈദരാബാദ്: ടോളിവുഡ് നിർമാതാവ് കെ.പി ചൗധരി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. ചൊവ്വാഴ്ച സൈബരാബാദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് വൻതോതിൽ കൊക്കെയ്ൻ പിടികൂടുകയും ചെയ്തു.

രാജേന്ദ്രനഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയിൽ നിന്ന് പുറത്തേക്കു പോകുമ്പോഴാണ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം ചൗധരിയെ പിടികൂടിയത്. 82.75 ഗ്രാം ഭാരമുള്ള 90 കൊക്കെയ്‌ൻ പൊതികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് ചൗധരി ഗോവയിൽ നിന്ന് 100 പൊതി കൊക്കെയ്ൻ വാങ്ങിയതായി പൊലീസ് കണ്ടെത്തി. കുറച്ച് ഇയാള്‍ ഉപയോഗിക്കുകയും കുറച്ചു വിൽക്കുകയും ചെയ്തിട്ടുണ്ടാകുമെന്നുമാണ് പൊലീസിന്‍റെ സംശയം. ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സൈബരാബാദ് പൊലീസ് നേരത്തെ കണ്ടെത്തിയ കേസിന്‍റെ അന്വേഷണവും ഒരു മാസം മുമ്പ് 300 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതുമാണ് ചൗധരിയുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ചൗധരി കുറച്ചുകാലം ഗോവയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രജനീകാന്തിന്‍റെ ഹിറ്റ് ചിത്രം കബാലിയുടെ തെലുങ്ക് പതിപ്പിന്‍റെ റൈറ്റസ് സ്വന്തമാക്കിയത് കെ.പി ചൗധരിയായിരുന്നു. ഇതാദ്യമായല്ല ടോളിവുഡിന് നേരെ മയക്കുമരുന്ന് ആരോപണം ഉയരുന്നത്. ലഹരിയുമായി ബന്ധപ്പെട്ട് പുരി ജഗന്നാഥ്, ചാർമി കൗർ, നവദീപ്, രവി തേജ, സുബ്ബരാജു, തനിഷ് തുടങ്ങിയവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പിന്നീട് ഇവര്‍ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. നടി രാകുൽ പ്രീതിന്‍റെ മാനേജരെയും മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

TAGS :

Next Story