Quantcast

48 വർഷത്തിനിടെ ഇതുപോലൊന്ന് സംഭവിച്ചിട്ടില്ല; കാലാവസ്ഥാ വിദഗ്ധരെ അമ്പരപ്പിച്ച് അറബിക്കടലിലെ ചുഴലിക്കാറ്റ്

ജൂ​ലൈ മുതൽ സെപ്റ്റംബർ വരെ അറബിക്കടലിൽ ചുഴലിക്കാറ്റ് ഉണ്ടാകാൻ സാധ്യത കുറവാണ്

MediaOne Logo

Web Desk

  • Updated:

    2024-08-30 17:23:09.0

Published:

30 Aug 2024 4:37 PM GMT

arabian sea cyclone
X

കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചനാതീതമായി മാറിയതിന്റെ ദുരന്തമാണ് ലോകം ഇന്ന് നേരിടുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഒരു മാസം മുമ്പ് വയനാട് മുണ്ടക്കൈയിൽ സംഭവിച്ചത്. ദിവസങ്ങൾ കൊണ്ട് ലഭിക്കേണ്ട മഴ മണിക്കൂറുകൾക്കുള്ളിൽ ലഭിക്കുകയും അത് വലിയൊരു ദുരന്തത്തിന് കാരണമാകുകയും ചെയ്തു.

ഇപ്പോൾ ഒരു ചുഴലിക്കാറ്റിന്റെ ആശങ്കയിലാണ് രാജ്യം. ഗുജറാത്ത് തീരം കടന്നശേഷം അറബിക്കടലിലുണ്ടായ അസാധാരണ ചുഴലിക്കാറ്റ് കാലാവസ്ഥാ വിദഗ്ധരെയടക്കം ആശങ്കയിലാഴ്ത്തി. 1976ന് ശേഷം അറബിക്കടലിൽ ഇതാദ്യമായാണ് കരയിലൂടെ കടന്ന് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഇതൊരു അപൂർവ പ്രതിഭാസമാണ്. കൂടാതെ മേഖലയിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ രീതികളെ വെല്ലുവിളിക്കുക കൂടിയാണ് ഈ പ്രതിഭാസം.

‘അസ്ന’ എന്നാണ് ഈ ചുഴലിക്കാറ്റിന് നൽകിയ പേര്. വടക്കു കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്ത തീവ്ര ന്യൂനമർദമാണ് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യൻ തീരത്തുനിന്ന് അകന്നുമാറാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ചുഴലിക്കാറ്റിനെത്തടുർന്ന് ഗുജറാത്തിലുണ്ടായ മഴക്കെടുതിയിൽ 28 പേരാണ് ഇതുവരെ മരിച്ചത്. 24,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വഡോദരയില്‍ മാത്രം 12,000 പേരെ വെള്ളക്കെട്ടില്‍നിന്ന്‌ രക്ഷിച്ചു. 11 ജില്ലയില്‍ റെഡ്‌ അലർട്ട്‌ തുടരുകയാണ്. താഴ്‌ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്‌. അണക്കെട്ടുകളുടെയും നദികളുടെയും സമീപ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയിട്ടുണ്ട്.

1976ൽ സംഭവിച്ചത്

1976​ലെ സമാനമായ സ്ഥിതിയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. അന്ന് ചുഴലിക്കാറ്റ് ഒഡിഷയിലാണ് ഉത്ഭവിക്കുന്നത്. തുടർന്ന് പടിഞ്ഞാറ്-വടക്ക്പടിഞ്ഞാറോട്ട് നീങ്ങി അറബിക്കടലിൽ പ്രവേശിച്ചു. പിന്നീട് ഒമാൻ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ അറബിക്കടലിൽ ഇത് ദുർബലമാവുകയും ചെയ്തു.

പുതിയ ചുഴലിക്കാറ്റിന്റെ സമയവും കാലാസ്ഥാ നിരീക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്. സാധാരണ മഴക്കാലത്ത് അറബിക്കടലിലെ താപനില 26 ഡിഗ്രിക്ക് താഴെയാണ് ഉണ്ടാകാറ്. അതിനാൽ തന്നെ ജൂ​ലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ചുഴലിക്കാറ്റ് ഉണ്ടാകാൻ സാധ്യത കുറവാണ്. സമു​ദ്രോപരിതല താപനില 26.5 ഡിഗ്രിക്ക് മുകളിലാകുമ്പോഴാണ് ചുഴലിക്കാറ്റ് സംഭവിക്കാറ്.

മണിക്കൂറിൽ 52 കിലോമീറ്ററിനും 61 കിലോമീറ്ററിനും ഇടയിൽ കാറ്റ് വീശുന്ന ന്യൂനമർദ്ദമാണ് ഡീപ് ഡിപ്രഷൻ. ചുഴലിക്കാറ്റിൽ മണിക്കൂറിൽ 63 കിലോമീറ്റർ മുതൽ 87 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ് വീ​ശുക.

അറബിക്കടലിന് ഇതെന്ത് സംഭവിച്ചു?

പടിഞ്ഞാറൻ അറബിക്കടലിൽ സാധാരണയായി ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത കുറവാണ്. തണുത്ത സമുദ്ര താപനിലയും അറേബ്യൻ ഉപദ്വീപിൽനിന്നുള്ള വരണ്ട വായുവുമാണ് ഇതിന് കാരണം. അതേസമയം, കിഴക്കൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും സ്ഥിതി വ്യത്യസ്തമാണ്. ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടുന്ന വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രതിവർഷം അഞ്ച് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ അനുഭവപ്പെടാറുണ്ട്. അറബിക്കടലിനേക്കാൾ നാലിരട്ടി ചുഴലിക്കാറ്റുകളാണ് ബംഗാൾ ഉൾക്കടലിൽ സംഭവിക്കുന്നത്. ഇത് കൂടുതലും ഉണ്ടാകാറ് മെയ്, നവംബർ മാസങ്ങളിലാണ്.

ആഗോള താപനമായിരിക്കും ഈ അസാധാരണ സംഭവങ്ങൾക്ക് കാരണമെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിലെ മുൻ സെക്രട്ടറി മാധവൻ രാജീവൻ പറയുന്നു. അഭൂതപൂർവമായ ഈ പ്രതിഭാസം അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് സംബന്ധിച്ചുള്ള കൂടുതൽ ഗവേഷണത്തിന്റെ അടിയന്തര ആവശ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം, ആഗോളതാപനം നിലവിലെ കാലാവസ്ഥാ രീതികളെയും ചുഴലിക്കാറ്റ് രൂപീകരണ പ്രക്രിയകളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന കാര്യങ്ങൾ മനസ്സിലാക്ക​ുന്നതിലെ ബുദ്ധിമുട്ടുകൾ കാലാവസ്ഥാ വിദഗ്ധർ അനുഭവിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം ആഗോള കാലാവസ്ഥാ സംവിധാനങ്ങളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ തുടരുകയാണ്. അറബിക്കടലിലെ ചുഴലിക്കാറ്റ് പോലെയുള്ള സംഭവങ്ങൾ ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വഭാവത്തിലെ ദീർഘകാല മാറ്റങ്ങളിലേക്കും വിരൽചൂണ്ടുന്നുണ്ട്. ‘അസ്ന’ ചുഴലിക്കാറ്റിന്റെ വികാസം ശാസ്ത്രലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഭാവിയിലെ കാലാവസ്ഥാ പ്രവചനങ്ങൾക്കും മേഖലയിലെ കാലാവസ്ഥാ മാതൃകകൾക്കും ഈ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യൽ അത്യാവശ്യമാണ്.

TAGS :

Next Story