ജീവനെടുത്ത് 'മൻദൂസ്' ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ മരണം നാലായി
മാമല്ലപുരത്ത് തീരം കടന്ന ചുഴലിക്കാറ്റ് നഗരത്തിലും സമീപപ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി
ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത നാശം വിതച്ച് മൻദൂസ് ചുഴലിക്കാറ്റ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമർദ്ദമാണ് മൻദൂസ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. മാമല്ലപുരത്ത് തീരം കടന്ന ചുഴലിക്കാറ്റ് നഗരത്തിലും സമീപപ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് മൻദൂസ് തീരംതൊട്ടത്.
മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞടിച്ചപ്പോൾ നഗരത്തിലെ 400ഓളം മരങ്ങൾ കടപുഴകി വീണതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളിൽ സംസ്ഥാനത്ത് നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
കാസിമേട് പ്രദേശത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്ത മുഖ്യമന്ത്രി സ്ഥിതിഗതികൾ മുൻകൂട്ടി കണ്ടെന്നും എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. 25,000 ത്തോളം പൗര പ്രവർത്തകരാണ് ദുരിതബാധിത പ്രദേശങ്ങളിൽ സജ്ജമായിരിക്കുന്നത്. നഗരത്തിലെ 22 സബ്‌വേകളിൽ വെള്ളക്കെട്ട് ഒഴിവാക്കിയതിനാൽ വാഹനഗതാഗതം സുഗമമായി തന്നെ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സമീപ ജില്ലകളായ ചെങ്കൽപേട്ട്, കാഞ്ചീപുരം, വില്ലുപുരം എന്നിവിടങ്ങളിലും രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ചുഴലിക്കാറ്റിൽ വൈദ്യുത തൂണുകൾക്കും ട്രാൻസ്ഫോർമറുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ 600 സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിൽ 300 ഇടങ്ങളിൽ ഇതിനോടകം പ്രശ്നം പരിഹരിച്ചുകഴിഞ്ഞു. ബാക്കി ജോലികൾ വൈകുന്നേരത്തോടെ പൂർത്തിയാകുമെന്നും സ്റ്റാലിൻ അറിയിച്ചു.
സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ആവശ്യമെങ്കിൽ കേന്ദ്രസഹായം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കിക്കഴിഞ്ഞു. 205 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 9,000ത്തിലധികം പേർ കഴിയുന്നുണ്ടെന്ന് സംസ്ഥാന റവന്യൂ, ദുരന്തനിവാരണ മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ തന്നെ കടലോര മേഖലകളിൽ കുടിലുകളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.
അതേസമയം, കാറ്റിന്റെ വേഗം കൂടിയതിനാൽ വെള്ളിയാഴ്ച രാവിലെ ആറിനും ഇന്ന് രാവിലെ ആറിനും ഇടയിൽ 30 ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ റദ്ദാക്കി.ഇന്ന് പുലർച്ചെ വിമാനത്താവള റൺവേ അൽപനേരം അടച്ചിട്ടിരിക്കുകയായിരുന്നു. കൂടാതെ, ഒൻപത് വിമാനങ്ങൾ റദ്ദാക്കുകയും 21 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
Adjust Story Font
16