തന്റെ പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിന് അധ്യാപകൻ ക്രൂരമായി മർദിച്ച ദലിത് വിദ്യാർഥി മരിച്ചു
രാജസ്ഥാനിലെ ജാലോർ ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ ജൂലൈ 20നാണ് സംഭവം. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജയ്പൂർ: തന്റെ പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിന് അധ്യാപകൻ മർദിച്ച ഒമ്പതു വയസ്സുകാരനായ ദലിത് വിദ്യാർഥി മരിച്ചു. രാജസ്ഥാനിലെ ജാലോർ ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ ജൂലൈ 20നാണ് സംഭവം. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയായി കുട്ടി മരിച്ചത്.
സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിദ്യാർഥിയുടെ കുടുംബത്തിന് പരമാവധി വേഗത്തിൽ നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസനിധിയിൽനിന്ന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
जालौर के सायला थाना क्षेत्र में एक निजी स्कूल में शिक्षक द्वारा मारपीट के कारण छात्र की मृत्यु दुखद है। आरोपी शिक्षक के विरुद्ध हत्या व SC/ST एक्ट की धाराओं में प्रकरण पंजीबद्ध कर गिरफ्तारी की जा चुकी है।
— Ashok Gehlot (@ashokgehlot51) August 13, 2022
പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പ്രത്യേക പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. കുറ്റാരോപിതനായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്.
''അദ്ദേഹത്തിന്റെ പാത്രത്തിലെ വെള്ളം കുടിച്ചതിന് എന്റെ മകനെ അധ്യാപകനായ ചൈൽ സിങ് ക്രൂരമായി മർദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഞാൻ കുട്ടിയെ ഉദയ്പൂരിലേക്കും തുടർന്ന് അഹമ്മദാബാദിലേക്കും കൊണ്ടുപോവുകയായിരുന്നു''- കുട്ടിയുടെ പിതാവ് പറഞ്ഞു.
Adjust Story Font
16