16കാരിയെ പീഡിപ്പിച്ച് വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റിൽ
നാലു വർഷം മുൻപ് നടന്ന ബലാത്സംഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്
ലഖ്‌നൗ: ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഇറ്റാ സ്വദേശിയും മുൻ ഗ്രാമമുഖ്യമന്റെ മകനുമായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. പീഡനം നടന്ന് നാലു വർഷത്തിനുശേഷമാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
2019 മേയിലാണ് അന്ന് 16കാരിയായിരുന്ന ദലിത് പെൺകുട്ടിയെ പ്രതിയും കൂട്ടാളികളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ, സമൂഹത്തെ ഭയന്ന് അന്ന് പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകിയിരുന്നില്ല. സംഭവത്തിനു പിന്നാലെ പത്താം ക്ലാസുകാരി സ്‌കൂൾ പഠനം നിർത്തുകയും വിവാഹം കഴിക്കുകയും ചെയ്തു.
എന്നാൽ, ദിവസങ്ങൾക്കുമുൻപ് ഇതേ സംഘം പെൺകുട്ടിയോട് വീണ്ടും തങ്ങൾക്ക് വഴങ്ങാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പഴയ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനു പെൺകുട്ടി വഴങ്ങാതിരുന്നതോടെ വിഡിയോ പ്രതികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ഭർതൃവീട്ടുകാർക്ക് ഇത് അയച്ചുകൊടുക്കുകയും ചെയ്തു.
ഇതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. ക്രൂരസംഭവത്തിനുശേഷം മാനസികമായി തളർന്നുപോയ മകൾ തിരിച്ചുവരുന്നതിനിടെയാണ് സംഭവമെന്ന് അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവസമയത്ത് ഗ്രാമമുഖ്യന്റെ വീട്ടിലെത്തി പരാതി നൽകിയെങ്കിലും ജാതീയാധിക്ഷേപങ്ങൾ നടത്തുകയും അപമാനിച്ചുവിടുകയുമായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചു. പരാതിക്കു പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Summary: 4 years after minor Dalit girl's gangrape in UP's Etah, the accused uploads video and gets arrested
Adjust Story Font
16