Quantcast

'ഉയർന്ന' ജാതിക്കാരുടെ ആക്രമണ ഭീഷണി; ദലിത് ഐ.പി.എസുകാരന്റെ വിവാഹഘോഷയാത്രയ്ക്ക് കാവലൊരുക്കി പൊലീസ്

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ രാജസ്ഥാനിൽ മാത്രം 76ഓളം ദലിത് യുവാക്കളുടെ വിവാഹചടങ്ങുകൾക്കുനേരെ 'ഉയർന്ന' ജാതിക്കാരുടെ ആക്രമണമുണ്ടായതായാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Published:

    20 Feb 2022 11:50 AM GMT

ഉയർന്ന ജാതിക്കാരുടെ ആക്രമണ ഭീഷണി; ദലിത് ഐ.പി.എസുകാരന്റെ വിവാഹഘോഷയാത്രയ്ക്ക് കാവലൊരുക്കി പൊലീസ്
X

'ഉയർന്ന' ജാതിക്കാരുടെ ആക്രമണം ഭയന്ന് പൊലീസ് കാവലിൽ വിവാഹഘോഷയാത്ര നടത്തി ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥൻ. രാജസ്ഥാനിലെ സുരാജ്പുരയിലാണ് സംഭവം. 26കാരനായ സുനിൽകുമാർ ധൻവാന്തയുടെ വിവാഹത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലായിരുന്നു പൊലീസ് കാവലൊരുക്കിയത്.

ജൈസിങ്പുര സ്വദേശിയായ സുനിൽകുമാർ മണിപ്പൂർ കേഡറിൽ 2020 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. സമീപകാലത്തായി നിരവധി ദലിത് വിവാഹങ്ങളിൽ ഘോഷയാത്ര അടക്കമുള്ള ആഘോഷപരിപാടികൾ 'ഉയർന്ന' ജാതിക്കാർ ഇടപെട്ട് തടഞ്ഞിരുന്നു. ചിലയിടങ്ങളിൽ ദലിത് ദമ്പതികൾ ശക്തമായ ആക്രമണവും നേരിട്ടിരുന്നു. 2001ൽ സുനിൽകുമാറിന്റെ തന്നെ അമ്മായിയുടെ വിവാഹചടങ്ങുകൾക്കുനേരെയും 'ഉയർന്ന' ജാതിക്കാരുടെ ആക്രമണം നടന്നിരുന്നു.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സ്വന്തം വിവാഹത്തിന് ഐ.പി.എസ് ഉദ്യോഗസ്ഥൻ പൊലീസിന്റെ സഹായം തേടിയത്. വിവാഹകാര്യത്തിൽ കുടുംബത്തിന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവ് ഭരണകൂടത്തെ സമീപിച്ചത്. താനൊരു ഐ.പി.എസ് ഉദ്യോഗസ്ഥനാണെങ്കിലും കുടുംബത്തിന് മകൻ മാത്രമാണെന്നും ഇക്കാലത്തും സ്വന്തം വിവാഹത്തിൽ ഘോഷയാത്രയടക്കം നടത്താൻ പിന്നാക്ക ജാതിക്കാർക്ക് ഭയമാണെന്നും സുനിൽകുമാർ പ്രതികരിച്ചു. കാര്യങ്ങൾ മാറിവരുന്നുണ്ടെങ്കിലും പൂർണമായ സാമൂഹികനീതി പുലരാൻ ഇനിയും ഏറെദൂരം പോകേണ്ടതുണ്ടെന്നും 26കാരൻ സൂചിപ്പിച്ചു.

സ്വന്തം ഗ്രാമത്തിലെ ആദ്യ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സുനിൽകുമാർ. സമൂഹത്തിന് ഒരു സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഘോഷയാത്രയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുതിരപ്പുറത്തേറിയായിരുന്നു സുനിലിന്റെ വിവാഹഘോഷയാത്ര. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ രാജസ്ഥാനിൽ മാത്രം 76ഓളം ദലിത് യുവാക്കളുടെ വിവാഹങ്ങളിൽ കുതിരപ്പുറത്തേറിയുള്ള ഘോഷയാത്രയും അനുബന്ധ ചടങ്ങുകളുമെല്ലാം 'ഉയർന്ന' ജാതിക്കാർ ചേർന്ന് തടഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ നവംബറിൽ പൊലീസ് സുരക്ഷയോടെ നടന്ന ഒരു ദലിത് വിവാഹചടങ്ങിനുനേരെ കല്ലേറ് നടന്നിരുന്നു.

Summary: Dalit IPS officer's wedding procession held under police watch in Rajasthan

TAGS :

Next Story