ഒമ്പത് കൊല്ലം മുമ്പ് ദലിത് നേതാവിനെ കൊന്നു; പ്രതികാരമായി കൊല്ലപ്പെട്ടത് അഞ്ചുപേർ
വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് തമിഴ്‌നാട്ടിലെ ദക്ഷിണ ജില്ലകളിൽ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിലായി തലയറുത്ത് കൊല്ലപ്പെട്ടത് മൂന്നുപേർ
ഒമ്പത് കൊല്ലം മുമ്പ് നടന്ന ദലിത് നേതാവ് സി. പശുപതി പാണ്ഡ്യൻ വധക്കേസിലെ പ്രതികളിൽ ഇതുവരെ കൊല്ലപ്പെട്ടത് അഞ്ചുപേർ. പ്രതികാര നടപടിയിലെ ഏറ്റവും ഒടുവിലത്തെ ഇരയായ 59 വയസ്സുകാരി നിർമ്മല ദേവിയെ കൊന്നത് തലയറുത്ത്. ശേഷം ശിരസ്സ് ഡിണ്ടികലിലുള്ള പശുപതി പാണ്ഡ്യന്റെ വീടിനു മുമ്പിൽ കൊണ്ടുപോയിവച്ചു. സെപ്തംബർ 22 നാണ് ബൈക്കിലെത്തിയ രണ്ടുപേർ ഈ കൊലപാതകം നടത്തിയത്.
പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തത് വഴിയാണ് നിർമ്മല പണ്ഡ്യൻ വധക്കേസിലെ എട്ടാം പ്രതിയായത്. പുറാ മാടസാമി, മുത്തുപാണ്ടി, മാടസാമിയെന്ന ബച്ചാ, അറുമുഖ സാമി എന്ന സാമി എന്നിവരെ ഇതിനകം പശുപതിയുടെ അനുയായികളെന്ന് കരുതുന്നവർ കൊലപ്പെടുത്തിയിരുന്നു. നിർമലയാണ് പ്രതികളുടെ കൂട്ടത്തിൽനിന്ന് കൊല്ലപ്പെട്ട സ്ത്രീ.
തമിഴ്‌നാട്ടിലെ ദക്ഷിണ ജില്ലകളിൽ കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ നടന്ന മൂന്നാം തലവെട്ടിക്കൊലയാണിത്. കഴിഞ്ഞ തിങ്കളാഴ്ച കെ. ശങ്കരസുബ്രഹ്‌മണ്യൻ(37) തിരുനെൽവേലിയിൽ വച്ച് തലവെട്ടി കൊല്ലപ്പെട്ടിരുന്നു. 2013 ൽ കൊല്ലപ്പെട്ട ഒരു ദലിതന്റെ ശവകുടീരത്തിനടുത്തായിരുന്നു ഇയാളുടെ ശിരസ്സ് കിടന്നിരുന്നത്. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ദലിതനായ മാരിയപ്പൻ(37) കൊല്ലപ്പെടുകയും ശിരസ്സ് ശങ്കരസുബ്രഹ്‌മണ്യൻ കൊല്ലപ്പെട്ടയിടത്ത് കൊണ്ടുവെക്കപ്പെടുകയും ചെയ്തിരുന്നു.
2012 ജനുവരി 10 നാണ് ദേവേന്ദ്ര കുല വെള്ളാളർ ഫെഡറേഷന്റെ പ്രസിഡൻറ് പശുപതി പാണ്ഡ്യൻ ദിണ്ടിക്കലിലെ നന്ദവനപട്ടിയിൽ വച്ച് കൊല്ലപ്പെട്ടത്. കേസിൽ സുഭാഷ് പന്നിയാരടക്കം 18 പ്രതികളാണുള്ളത്. എസ്.സി, എസ്എസ്ടി, (പി.ഓ.എ) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കേസിന്റെ അടുത്ത ഘട്ട വിചാരണ ഡിണ്ടികലിലെ കോടതിയിൽ ഒക്‌ടോബർ 18 ന് നടക്കാനിരിക്കെയാണ് നിർമ്മല കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്താൻ ആറംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Adjust Story Font
16