തിരുനെൽവേലിയിൽ ദലിത് യുവാവ് കൊല്ലപ്പെട്ടു; ദുരഭിമാനക്കൊലയെന്ന് കുടുംബം
കുടുംബത്തിന്‍റെ ആരോപണം തള്ളി പൊലീസ്
തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ 19 കാരനായ ദലിത് യുവാവിനെ മൂന്നംഗ സംഘം കൊലപ്പെടുത്തി. ഞായറാഴ്ചയാണ് തിസയൻവിള ഗ്രാമത്തിന് സമീപം മുത്തയ്യ എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഉന്നത ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി മുത്തയ്യ പ്രണയത്തിലായിരുന്നെന്ന് കുടുംബം പറയുന്നു. ഈ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളാണ് കൊലപ്പെടുത്തിയതെന്നുമാണ് മുത്തയ്യയുടെ പിതാവ് കണ്ണിയപ്പൻ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് ഓഫീസിന് പുറത്ത് നാട്ടുകാരുടെ പ്രതിഷേധവും നടന്നു. എന്നാൽ ഇത് പൊലീസ് തള്ളിക്കളഞ്ഞു. മുത്തയ്യയുടെ മരണം ദുരഭിമാനക്കൊലയല്ലെന്നാണ് പൊലീസ് പറയുന്നത്.
അതേ ഗ്രാമത്തിലെ സുരേഷ് എന്നയാളുടെ സഹോദരിയോട് മുത്തയ്യ മോശമായി പെരുമാറിയിരുന്നെന്നും പെൺകുട്ടി ഇക്കാര്യം സഹോദരനെ അറിയിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. സഹോദരിയെ ശല്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അവളെ ശല്യപ്പെടുത്തരുതെന്നും സുരേഷ് മുത്തയ്യയ്ക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ മുത്തയ്യ ശല്യപ്പെടുത്തുന്നത് തുടർന്നു. ഇതിന് പിന്നാലെ സുരേഷും ബന്ധുക്കളായ മതിയലഗനും ജയപ്രകാശും ചേർന്ന് മുത്തയ്യയെ ചോദ്യം ചെയ്തു. ഇത് സംഘർഷത്തിലേക്ക് കലാശിക്കുകയും സംഭവസ്ഥലത്ത് വെച്ച് മുത്തയ്യ മരിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.
സംഭവത്തിൽ സുരേഷ്, മതിയലഗൻ, ജയപ്രകാശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മരിച്ചവരും പ്രതികളും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണെന്നും കൊലപാതകം ജാതി വൈരാഗ്യം മൂലമല്ലെന്നും വ്യക്തിപരമായ പ്രേരണ മൂലമാണെന്നും പൊലീസ് പറയുന്നു.
Adjust Story Font
16