ചെരിപ്പ് ധരിക്കാൻ പാടില്ല, പേപ്പർ കപ്പുകളിൽ ചായ; തമിഴ്‌നാട്ടിലെ ഉദുമലൈ ഗ്രാമങ്ങളിൽ ദലിതരോട് അയിത്തമെന്ന് പരാതി
ജാതിവിവേചനത്തെ ചോദ്യം ചെയ്യുന്ന ദലിത് യുവാക്കളെ സവർണർ ഭീഷണിപ്പെടുത്തുന്നതായും ഗ്രാമവാസികൾ പറയുന്നു
തിരുപ്പൂർ: തമിഴ്നാട്ടിലെ ഉദുമലൈപേട്ട മടത്തുകുളം ടൗണിലെ രാജാവൂർ, മൈവാടി ഗ്രാമങ്ങളിൽ താമസിക്കുന്ന ദലിതർക്കെതിരെ ജാതിവിവേചനമെന്ന് പരാതി. ഇവിടെയുള്ള ദലിതര്‍ക്ക് ചെരുപ്പ് ധരിക്കുന്നതിന് മേൽജാതിക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദലിതർക്ക് ഹോട്ടലുകളിലും വിവേചനം നേരിടുന്നതായും പരാതിയുണ്ട്. മേൽജാതിക്കാർക്ക് ഹോട്ടലുകളിൽ ചില്ലുഗ്ലാസിൽ ചായ നൽകുമ്പോൾ ദലിതർക്ക് പേപ്പർ ഗ്ലാസുകളിലാണ് ചായ നൽകുന്നത്.ദ്രാവിഡർ വിടുതലൈ കഴകം, തമിഴ് പുളിഗൽ കച്ചി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ഗ്രാമത്തിൽ സന്ദർശനം നടത്തിയപ്പോഴാണ് ജാതിവിവേചനത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. അയിത്തെക്കുറിച്ച് ഭാരവാഹികൾ പിന്നീട് തിരുപ്പൂർ ജില്ലാ പൊലീസിൽ പരാതിപ്പെട്ടു.
ദലിത് വിഭാഗത്തിൽപ്പെട്ട അരുന്തതിയരാണ് മടത്തുകുളത്ത് താമസിക്കുന്നവരിൽ ഭൂരിഭാഗവും. രാജാവൂരിലും മൈവാടിയിലും കർഷകത്തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് ഇവരിൽ ഭൂരിഭാഗം പേരും. പക്ഷേ, ചെരിപ്പുകൾ ധരിച്ച് ഗ്രാമങ്ങളിൽ പ്രവേശിക്കാൻ ഇവർക്ക് അനുവാദമില്ലെന്ന് ഗ്രാമവാസികളിലൊരാൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ജാതിവിവേചനത്തെ ചോദ്യം ചെയ്യുന്ന ദലിത് യുവാക്കളെ സവർണർ ഭീഷണിപ്പെടുത്തുന്നതായും ഗ്രാമവാസികൾ പറയുന്നു.
മടത്തുകുളത്ത് പോയപ്പോൾ ദലിത് സ്ത്രീകൾ ഭയം മൂലം സംസാരിക്കാൻ മടിച്ചെന്ന് സിപിഎം (അയിത്തം നിർമാർജന മുന്നണി) ജില്ലാ സെക്രട്ടറി എം.കനകരാജ് പറഞ്ഞു. എന്നാൽ ഗ്രാമത്തിലെ വിവേചനം പതിറ്റാണ്ടുകളായി തുടരുകയാണെന്ന് സ്ത്രീകൾ പറഞ്ഞു. അപരിചിതൻ ഗ്രാമത്തിൽ പ്രവേശിച്ചാലും ഈ വിവേചനം തുടരുന്നുണ്ടെന്ന് ദലിതർ പറയുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് വന്നതെന്ന് മനസിലായാൽ പേപ്പർ കപ്പുകളിലാണ് ചായ നൽകുന്നതെന്നും നാട്ടുകാർ പറയുന്നു.
അതേസമയം, ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു. സംഭവത്തിൽ ഉടൻ നടപടിയെടുക്കാൻ ഡിഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഉദുമലൈപേട്ട റവന്യൂ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. രാജാവൂരിലും മൈവാടിയിലും സിവിൽ വസ്ത്രത്തിൽ പൊലീസ് സംഘം ഉടൻ സന്ദർശനം നടത്തും. രഹസ്യാന്വേഷണ വിഭാഗവും വിഷയം നിരീക്ഷിച്ച് പരിശോധിക്കും. കൂടാതെ, ആർഡിഒയുടെ നേതൃത്വത്തിൽ മേൽജാതിക്കാരെയും ദലിത് വിഭാഗക്കാരെയും ഉൾപ്പെടുത്തി യോഗം ചേരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Adjust Story Font
16